തിരുവനന്തപുരം :  കെ എസ് ആർ ടി സിക്ക് 455 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 700 സി എൻ ജി ബസ്സുകൾ വാങ്ങാനാണ് ധന സഹായം. കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം മന്ത്രി സഭാ യോഗം ചർച്ചയ്‌ക്കെടുത്തില്ല. ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യണമെന്ന യൂണിയനുകളുടെ ആവശ്യത്തോട് വകുപ്പുമന്ത്രി അനുകൂലമായല്ല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരും മാനേജ്‌മെന്റും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ട്രാൻസ്‌പോർട്ട് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. മന്ത്രിക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യതയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കയാണ് ആന്റണി രാജു. ഇതോടെ എന്ന് ശമ്പളം കിട്ടുമെന്ന് അറിയാതെ പ്രതിസന്ധിയിലാണ് ജീവനക്കാർ. കഴിഞ്ഞ ദിവസം ഭരണാനുകൂല സംഘടനയായ സി ഐ ടി യു നേതാക്കൾ വിഷയത്തിൽ അനുകൂല നിലപാടുണ്ടാവണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തരീതിയിലേക്ക് പൊതുഗതാഗതത്തെ മാറ്റിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് സി എൻ ജിയിലേക്ക് കെ എസ് ആർ ടി സിയെ മാറ്റുന്നത്. 455 കോടി രൂപ ഉപയോഗിച്ച് വാങ്ഉന്ന 700 ബസുകൾ ഏത് റൂട്ടിൽ സർവ്വീസ് നടത്തുമെന്നതിൽ വ്യക്തതയില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത്. മലയോര റൂട്ടിൽ സി എൻ ജി പ്രായോഗികമല്ലെന്നാണ് വാദം. എങ്ങിനെ വന്നാൽ സിറ്റി സർവ്വീസിന് മാത്രമേ സി എൻ ജി ബസുകൾ ഉപയോഗിക്കാൻ കഴിയൂ. ഭാമമായ ഡീസൽ ചാർജിൽ നിന്നും കെ എസ് ആർ ടി സിയെ രക്ഷിക്കുന്നതിനായാണ് അടിയന്തിരമായി 700 ബസുകൾ വാങ്ങുന്നത്. എന്നാൽ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ജീവനക്കാരെ പരിഗണിക്കാതെ എങ്ങിനെയാണ് സർവ്വീസുകൾ കുറ്റമറ്റരീതിയിൽ നടത്തുകയെന്ന മറുചോദ്യവും ഉയരുന്നു. ബസ് വാങ്ങാൻ പണം അനുവദിച്ചപ്പോഴും തൊഴിലാളികളെ സർക്കാർ പരിഗണിക്കാത്തതിൽ ഭരണാനുകൂല സംഘടനയടക്കം പ്രതിഷേധത്തിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here