കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂടില്‍ മുന്നണികളിലിരിക്കെ എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സി പി എമ്മില്‍ എത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. തൃക്കാക്കര യു ഡി എപ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ചിട്ടും നേതൃത്വത്തിന്റെ സമീപനം ശരിയായില്ലെന്ന് വ്യക്തമാക്കിയാണ് മുരളീധരന്‍ രാജിവച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നതിനിടെ ഒരു ജില്ലാ നേതാവ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

എന്നാല്‍ ഇപ്പോഴിതാ മുരളീധരന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ വി തോമസ്. കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞു പോക്കുണ്ടാകുമെന്നാണ് കെ വി തോമസ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഓര്‍ത്തു കരയേണ്ടെന്നും കൂടെയുള്ളവരെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

എന്റെ പ്രവര്‍ത്തനം എങ്ങനെയായാലും ഞാന്‍ നടത്തുന്നുണ്ട്. വോട്ട് പിടിക്കാന്‍ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകള്‍ പോകും. അസംതൃപ്തിയുള്ള ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. സി പി എമ്മിന് എല്ലാവരെയും ഉള്‍ക്കൊള്ളാത്തതാണ് പ്രശ്‌നം. ഇടത് മുന്നണിയിലെ മറ്റ് പാര്‍ട്ടിയിലേക്കും ആളുകള്‍ ചേക്കേറും. തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വിജയ സാധ്യതയുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം കെ വി തോമസിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. കെ വി തോമസിലെ ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസില്‍ പോലും വയ്ക്കാന്‍ കൊള്ളില്ല, കെ വി തോമസിനെ കെട്ടിഘോഷിച്ച് കൊണ്ടു പോയ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന് മറുപടി കൂടിയാണ് കെ വി തോമസിന്റെ പ്രതികരണം.

അതേസമയം, സി പി എമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് വി ഡി സതീശന്‍ ഇന്ന് ഉയര്‍ത്തിയത്. കെ സുധാകരനെതിരെ കേസെടുത്ത നടപടി അപലപനീയമാണ്. ഇതിനെ യു.ഡി.എഫ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വച്ച വിഷയങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി നടത്തുന്ന പ്രകോപനമാണിതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പരാമര്‍ശം കൊളോക്കിയലായി ഉപയോഗിച്ചതാണെന്നും മുഖ്യമന്ത്രിയെ അത് വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കേസെടുത്ത് വീണ്ടും അത് കുത്തിപ്പൊക്കി അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറി എന്ന് അഭിസംബോധന ചെയ്ത, കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച പിണറായിക്കെതിരെ എവിടെയൊക്കെയാണ് കേസെടുത്തിട്ടുള്ളത്?

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ ക്രെഡിറ്റ് പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്. യു ഡി എഫ് നേതാക്കള്‍ ആരും രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് കെ പി സി സി അധ്യക്ഷനെതിരെ എടുത്തിരിക്കുന്നത്. ഇത് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല. പിണറായി ഉപയോഗിച്ച വാക്കുകള്‍ കേരള ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവും ഏതിരാളികള്‍ക്കെതിരെ പ്രയോഗിച്ചിട്ടില്ല. ടി പിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി മറ്റൊരു കുലംകുത്തിയെ ചുവന്ന ഷാളിട്ട് സ്വീകരിച്ചു. ഇവിടുന്ന് കൊണ്ടു പോയ സാധനത്തെ ഏത് ലോക്കറിലാണ് വച്ചതെന്ന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. തെരഞ്ഞെടുപ്പായിട്ടും ഷോക്കേസില്‍ പോലും വയ്ക്കാന്‍ പറ്റാതായെന്ന് വി ഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here