സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാ മേഖലയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ നടി അക്രമണ കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നു. ഈമാസം 31 നകം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കാവ്യാമാധവനോ, ദിലീപിന്റെ അഭിഭാഷകരോ പ്രതികളാവില്ലെന്നാണ് അന്വേഷണം സംഘം നൽകുന്ന സൂചന. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് പുതുതായി പ്രതിപട്ടികയിൽ ഉൾപ്പെടുക. അന്വേഷണത്തിന് ഇനിയും സമയം നീട്ടിച്ചോദിക്കേണ്ടതില്ലെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ അന്വേഷണ സംഘത്തിന് കടുത്ത എതിർപ്പാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടന്നെന്ന കേസും അവസാനിക്കാനാണ് സാധ്യത.

ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള അന്വേഷണവും ഏതാണ്ട് അവസാനിപ്പിച്ചിരിക്കയാണ്. ദിലീപ് കേസ് അന്വേഷിച്ചിരുന്ന എ ഡി ജി പി ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറാക്കിയതോടെ അന്വേഷണം ഏതാണ് വഴിമുട്ടിയ അവസ്ഥയിലായിരുന്നു. നടി അക്രമണകേസിലെ തുടരന്വേഷണം ഇതോടെ അവസാനിക്കുമെന്ന ആരോപണം അപ്പോൾ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ മാറ്റങ്ങളാണ് ദിലീപിന് അനുകൂലമായി മാറിയതെന്നാണ് ഉയർന്നിരിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി മുൻവിധിയോടെയാണ് നിരീക്ഷിച്ചതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രോസിക്യുഷൻ ഹാജരാക്കുന്ന തെളിവുകൾ പരിഗണിക്കാൻ പോലും കോടതി തയ്യാറാവാതെ വന്നതോടെ കോടതിയിൽ പ്രത്യേക ജഡ്ജുമായി പ്രോസിക്യുഷൻ ഭാഗം അഭിഭാഷകൻ വാക്‌പോര് പോലും സാധാരണമായി. വിചാരണ കോടതി ജഡ്ജിനെ മാറ്റണമെന്നാണ് ഇരയായ നടിയുടെ പ്രധാന ആവശ്യം. നിരവധി കേസുകളാണ് നടി അക്രമണവുമായി വിവിധ കോടതികളിലുള്ളത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടി അക്രമണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസ് അടക്കമുള്ളവരെ അപായപ്പെടുത്താൻ ദീലിപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കേസിൽ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിരുന്നു. ഫോൺ രേഖകൾ മായ്ച്ചു കളഞ്ഞതും, സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ച് ഫോൺ ചാറ്റുകൾ ഡിലീറ്റ് ചെയ്തതുമെല്ലാം ദിലീപിന് എതിരായിരുന്നു. സായ് ശങ്കറിന്റെ വെളിപ്പെടുത്തലും, ശബ്ദ സന്ദേശങ്ങളുമെല്ലാം കേസിൽ പ്രധാന തെളിവായി മാറിയെങ്കിലും കേസന്വേഷണം ഒരു പ്രത്യേക സന്ദർഭത്തിൽ വഴിമാറുകയായിരുന്നു. ദിലീപിന്റെ ഭാര്യയായ നടി കാവ്യാമാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അവർ ചോദ്യം ചെയ്യലിന് ഹാജരാവാതെ മാറി നിന്നു. താൻ പറയുന്നിടത്ത് വരണമെന്നായിരുന്നു കാവ്യയുടെ നിലപാട്. ഒടുവിൽ അന്വേഷണ സംഘം വഴിവാടുപോലെ കാവ്യയെ ദിലീപിന്റെ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്തു. കാവ്യയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നൊക്കെ അന്വേഷണ സംഘം പറഞ്ഞിരുന്നുവെങ്കിലും എല്ലാം അവസാനിപ്പിക്കുകയാണ്. പൾസർ സുനി പറഞ്ഞ മാഡം ആരാണെന്നുള്ള സസ്‌പെൻസ് ഇപ്പോഴും ബാക്കിയാണ്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണവും വിചാരണക്കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന കണ്ടെത്തലുകളുടെ അന്വേഷണവും വിചാരണ  കോടതിയുടെ സഹകരണമില്ലായ്മമൂലം നിലച്ചിരുന്നു. നടി അക്രമണ കേസ് ദുർബലമാവുന്നു എന്നതിന്റെ ലക്ഷണമയാണ് ചില ഉന്നത പൊലീസുദ്യോഗസ്ഥർ  തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കാണുന്നത്.  
 

LEAVE A REPLY

Please enter your comment!
Please enter your name here