കോട്ടയം : എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ പി സി ജോർജിനായുളള തെരച്ചിൽ ശക്തമാക്കി പോലീസ്. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയെങ്കിലും പി സി ജോർജിനെ കണ്ടെത്താനായിരുന്നില്ല. ജാമ്യാപേക്ഷ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും പോയതെന്നാണ് പോലീസ് കരുതുന്നത്.

വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. പിസി ജോർജ് എങ്ങോട്ടാണ് പോയതെന്നോ, എന്തിനാണ് പോയതെന്നോ അറിയില്ലെന്ന നിലപാടാണ് വീട്ടുകാരും സ്വീകരിച്ചത്. എറണാകുളവും കോട്ടയവും തിരുവനന്തപുരവും അടക്കം പിസി ജോർജ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്താനാണ് പോലീസ് സംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.

തനിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്ന പിസി ജോർജിന്റെ വാദം തള്ളിയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. മതവിദ്വേഷം വളർത്തുകയും പൊതുസൗഹാർദം തകർക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പിസി ജോർജിന്റെ പ്രസംഗം എന്നാണ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ പറയുന്നത്. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെണ്ണല ക്ഷേത്രത്തിലെ വിവാദ പ്രസംഗം

LEAVE A REPLY

Please enter your comment!
Please enter your name here