കൊച്ചി :  ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമമുന്നണിയുടെ നിലപാട് ഇന്നറിയാം. ആം ആദ്മിയുമായി  ട്വന്റി 20 കൈകോർക്കുകയും ജനക്ഷേമ മുന്നണി രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ പ്രസക്തിയില്ലെന്ന നിലപാടാണ് ജനക്ഷേമ മുന്നണി സ്വീകരിച്ചത്. ട്വന്റി 20 തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താതെ വന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. 10 ശതമാനം വരുന്ന ഈ വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. 130000 വോട്ടുകളാണ് കഴിഞ്ഞ തവണ തൃക്കാക്കരയിൽ ട്വന്റി 20 ക്ക് ലഭിച്ചിരുന്നത്. ഈ വോട്ടുകൾ ഏത് പക്ഷത്തിന് അനുകൂലമാവുമെന്നത് വിജയപരാജയങ്ങളെ ബാധിക്കും.
ട്വന്റി 20 നിലപാട് ആർക്ക് അനുകൂലമായിരിക്കുമെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് ട്വന്റി 20 ചീഫ് കോ-ഓഡിനേറ്റർ സാബു എം ജേക്കബ്ബ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. ട്വന്റി 20 – ആം ആദ്മി സഖ്യം മനസാക്ഷി വോട്ട് എന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. കോൺഗ്രസിനോടും സി പി എമ്മിനോടും ഏറ്റമുട്ടിയാണ് ട്വന്റി 20 മുന്നോട്ട് പോവുന്നത്. ഇരുമുന്നണികൾക്കും ബദലായി പുതിയൊരു മുന്നേറ്റമാണ് ജനക്ഷേമ സഖ്യത്തിന്റെ പ്രഖ്യാപിത നയം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആംആദ്മി- ട്വന്റി 20 സഖ്യം. അതിനാൽ ഒരു മുന്നണിയോടും അനുഭാവം വേണ്ടെന്നാണ് സഖ്യത്തിന്റെ നിലപാട്. മനസാക്ഷി വോട്ട് എന്ന നിലപാട് പ്രഖ്യാപിച്ചാൽ അത് ഇരു മുന്നണികൾക്കും പ്രതീക്ഷയുണർത്തും. വിജയിക്കുന്നത് ആരായാലും ജനക്ഷേമ മുന്നണിയെ തള്ളിപ്പറയുകയുമില്ല.
സി പി എം  നേതാക്കൾ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്ബിനെ സമീപിച്ച് പിന്തുണ തേടിയിരുന്നു. എന്നിൽ  പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിക്കാൻ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പര്യാപ്തമല്ലെന്ന നിലപാടാണ് അദ്ദേഹം അറിയിച്ചത്. ഇരു മുന്നണികളെയും പിണക്കാതെയുള്ള തന്ത്രപൂർവ്വമായ നീക്കമാണ് സാബു എം ജേക്കബ്ബ് നടത്തുന്നത്. അതിനാൽ ഇന്ന് വൈകിട്ട് നടക്കുന്ന വാർത്താ സമ്മേളനത്തെ ഇരു മുന്നണികളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here