കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ്  ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ വോട്ട് ചെയ്യണം. നേതാക്കൾ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിർദേശിച്ചു.

സഖ്യത്തിന്റെ രാഷ്രീയ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഇനി അത്തരം വിഷയങ്ങൾ പറഞ്ഞ് ആശയ കുഴപ്പം ഉണ്ടാക്കുന്നില്ല. തൃക്കാക്കരയിൽ എല്ലാ മുന്നണികളും വോട്ട് ആഭ്യർത്ഥിച്ചിട്ടുണ്ട്. ആരോടും പ്രത്യേകം എതിർപ്പോ അടുപ്പമോ ഇല്ലെന്നും സാബു വ്യക്തമാക്കി. എൽഡിഎഫിനോടുള്ള നിലപാട് മയപ്പെടുത്തിയോ എന്ന ചോദ്യത്തിന് നേരത്തെ എടുത്ത നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും എതിരെ മത്സരിച്ച ട്വന്റി 20 പതിമൂവായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഇക്കുറി ആം ആദ്മി പാർട്ടിയുമായി ചേർന്ന് ജനക്ഷേമ മുന്നണി രൂപീകരിച്ചിട്ടുള്ള ട്വന്റി 20 മണ്ഡലത്തിലെ 10 ശതമാനം വോട്ടാണ് അവകാശപ്പെടുന്നത്. മണ്ഡലത്തിൽ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഈ വോട്ട് വിഹിതം മൂന്ന് മുന്നണികളും മനക്കണ്ണിൽ കാണുന്നുണ്ടായിരുന്നു. സ്വാഭാവികമായും ആർക്കും പരസ്യ പിന്തുണ ഇല്ല എന്ന പ്രഖ്യാപനം വരുമ്പോൾ അത് മുന്നണികൾക്കും ആശ്വാസമാണ്.

അതേസമയം തൃക്കാക്കരയിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണികളും. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി എത്തും. പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും നേതൃത്വത്തിൽ വോട്ടുറപ്പിക്കുകയാണ് യുഡിഎഫ്. മഹാസമ്പർക്കം സംഘടിപ്പിച്ച് വീട് കയറിയിറങ്ങുകയാണ്  എൻ ഡി എ സഖ്യം

തൃക്കാക്കരയിൽ ആർക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്തെത്തി. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
അതേസമയം ട്വന്റി 20 യുമായി വോട്ട് ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here