കൊല്ലം: വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ഇതോടെ കിരണിന്  സുപ്രീം കോടതി അനുവദിച്ച ജാമ്യം ജാമ്യം റദ്ദാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന പീഡനവും തെളിഞ്ഞു. കിരണിനുളള ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പറഞ്ഞത്. കേസിൽ ഏക പ്രതി വിസ്മയയുടെ ഭർത്താവ് പോരുവഴി സ്വദേശി കിരൺ കുമാറാണ്. മോട്ടോർ ാഹന വരുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു കിരൺ കുമാർ. വിസ്മയയുടെ മരണം സംഭവിച്ച് 11 മാസത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ജനുവരി പത്താം തീയതിയാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 41 സാക്ഷികളും 120 രേഖകളും 12 തൊണ്ടി മുതലുകളുമാണ് കോടതിക്ക് മുമ്പിലെത്തിയത്. വിസ്മയയുടെ വാട്സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും കേസിൽ നിർണായകമായി.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന് ,നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ വിസ്മയയെ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. കിരണിന്റെ നിരന്തരമായ പീഡനത്തെച്ചുറിച്ചുള്ള വിഷമങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്‌സാപ്പ് സന്ദേശങ്ങളായി വിസ്മയ അയച്ചിരുന്നു. സൈബർ വിദഗ്ദരുടെ സഹായത്തോടെ ഈ സന്ദേശങ്ങളെല്ലാം ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം തെളിവുകളായി പ്രോസിക്യൂഷൻ കോടതിയിലെത്തിച്ചിരുന്നു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

കിരൺ കുമാറിൽ നിന്നും മർദ്ദനമേറ്റ പാടുകൾ വിസ്മയ വാട്സാപ്പാലൂടെ അമ്മയ്ക്ക് അയച്ച് നൽകിയിരുന്നു. കിരണിന്റെ വീട്ടിൽ ഇനി തുടരാനാകില്ലെന്നും ഇനിയും ഇവിടെ നിന്നാൽ തന്നെ ജീവനോടെ കാണില്ലെന്നും വിസ്മയ അച്ഛനോട് പറയുന്ന ശബ്ദ സന്ദേശങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻറെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലെ ജനൽ കമ്പിയിൽ വിസ്മയ തൂങ്ങി നിൽക്കുക ആയിരുന്നുവെന്നാണ് കിരൺ പോലീസിന് നൽകിയ മൊഴി.
കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിൽ വിസ്മയ മരിച്ച സംഭവം.


 

LEAVE A REPLY

Please enter your comment!
Please enter your name here