കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിൻറെ തകർച്ചയുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പിൻറെ ഗുരുതര വീഴ്ച പുറത്ത്. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. എക്‌സിക്യുട്ടീവ് എഞ്ചിനീയർ ബൈജു പി.ബി. ഒരാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അസി. എഞ്ചിനീയർ മൊഹ്‌സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല. കൂളിമാട് പാലത്തിൻറെ നിർമാണ ചുമതലയുണ്ടായിരുന്ന ബൈജു കലാകായിക മേളയുടെ സംഘാടനത്തിൻറെ ഭാഗമായി ഒരാഴ്ചയായി ബത്തേരിയിലായിരുന്നു. സുൽത്താൻ ബത്തേരിയിൽ അസോസിയേഷൻ സംസ്ഥാന സമിതിയിൽ പങ്കെടുക്കുകയായിരുന്നു മറ്റ് എഞ്ചിനീയർമാർ എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൾ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകർന്നെങ്കിലും ഉച്ചതിരിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.  

രണ്ട് ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് പാലത്തിൽ ബീമുകൾ ഉറപ്പിക്കുമ്പോൾ ഒന്ന് പ്രവർത്തനരഹിതമായതാണ് പ്രശ്‌നമായതെന്നാണ് ഊരാളുങ്കൽ വിശദീകരിച്ചത്. ഈ പ്രവൃത്തി നടക്കുമ്പോൾ കരയിൽ നിന്ന് വാക്കിടോക്കി വഴി നിർദ്ദേശങ്ങൾ നൽകുകയും പ്രവൃത്തിയിൽ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരാണ്. ഇവരാണ് കലാകായിക മേളയുടെയും സംസ്ഥാന സമിതി യോഗത്തിൻറെയും തിരക്കിൽപ്പെട്ടുപോയത്.

ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിൻറെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് പിഡബ്ല്യുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകൾ, പാലത്തിൻറെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട്.

ഹൈഡ്രോളിക് ജാക്കി പ്രവർത്തിപ്പിക്കുന്നതിൽ വന്ന പിഴവാണ് അപകട കാരണമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ ഇനി വീഴ്ച വരുത്തിയവർക്കെതിരെ എന്ത് നടപടിയെന്നാണ് അറിയേണ്ടത്. അപകടത്തിലൂടെ ഒന്നര കോടി രൂപ മുതൽ മുതൽ രണ്ട് കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വിലയരുത്തൽ. അതേസമയം, എല്ലാ വശങ്ങളും വിജിലൻസ് വിഭാഗം പരിശോധിക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പാലം തകർന്നതിന്റെ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലത്തിന്റെ തകർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച മുസ്ലിം ലീഗ് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതിപക്ഷത്തെ പാലാരിവട്ടം ഹാങ് ഓവർ എന്ന് പരിഹസിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here