കൊച്ചി : വെണ്ണലയിൽ വിദ്വേഷപ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വെണ്ണല ക്ഷേത്രത്തിലാണ് പി സി ജോർജ് കേസിനിടയാക്കിയ പ്രസംഗം നടത്തിയത്.

കഴിഞ്ഞ ദിവസം പി സി ജോർജിന് കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പോലീസ് പൂഞ്ഞാറിലെ വീട്ടിൽ ജോർജിൻറെ അറസ്റ്റ് രേഖപ്പെടുത്താൻ എത്തിയിരുന്നു. എന്നാൽ ജോർജിനെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പി സി ജോർജ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു.

പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പോലീസ് കേസെടുത്തിരിക്കുകയായിരുന്നെന്ന് പി സി ജോർജ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ തനിക്ക് ജാമ്യം ലഭിച്ചിരുന്നെന്നും പ്രസംഗം മുഴുവൻ കേൾക്കാതെ വൈരാഗ്യം വെച്ചുകൊണ്ടാണ് പോലീസ് ഇടപെടുന്നതെന്നും ജോർജ് കോടതിയിൽ പറഞ്ഞു.

ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ കുറിച്ച് മോശം പറഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കുകയുളൂവെന്ന് പി സി ജോർജിൻറെ അഭിഭാഷകൻ വാദിച്ചു. ഇനി ഇങ്ങനെ സംസാരിക്കില്ല എന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ 33 വർഷമായി എം എൽ എ ആണെന്നും നിയമത്തിൽ നിന്ന് ഒളിച്ചു പോകില്ലെന്നും പി സി ജോർജ് ഹൈക്കോടതിയെ ബോധിപ്പിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പൊതുപ്രസ്താവന നടത്തരുതെന്നും കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here