രാജേഷ് തില്ലങ്കേരി

കൊച്ചി: നടിയെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ  ഭരണ കക്ഷിയിലെ ചില ഉന്നതർ ശ്രമിച്ചതായും, കേസന്വേഷണം അട്ടിമറി നടക്കുന്നതായുമുള്ള അതിജീവിതയുടെ ആരോപണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാവുന്നു.  നടി കേസ് അട്ടിമറിക്കാൻ ഒരു ഭരണകക്ഷിയിലെ ഒരു ഉന്നതൻ ഇടപെട്ടതായും കേസിൽ ഇടപെടണമെനും ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്  സി പി എമ്മിന് തൃക്കാക്കരയിൽ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.  

കേസ് അട്ടിമറിക്കാനും പ്രതിയായ ദിലീപിനെ സംരക്ഷിക്കാനും  ഒരു ഉന്നത ഇടപെടൽ നടന്നുവെന്ന ആരോപണമാണ് ഭരണ സി പി എമ്മിനെ തിരിഞ്ഞുകുത്തുന്നത്.  ഇന്നലെയാണ് നടി നീതിതേടി ഹൈക്കോടതിയെ സമീപിച്ചത്.   കേസിലെ പ്രതിയായ നടൻ ദിലീപിനെ സംരക്ഷിക്കാൻ ഉന്നത ഗൂഢാലോചന നടന്നെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ സി പി എം നേതാക്കൾ തള്ളിയെങ്കിലും സർക്കാർ നിലപാടുകൾ ഏറെ ദുരൂഹമാണ്. തുടരന്വേഷണണം അട്ടിമറിക്കാൻ ഉന്നതങ്ങളിൽ സമ്മർദ്ധമുണ്ടായെന്ന ആരോപണം ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ നിലപാടുകളെന്നാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.

അതിജീവിതയായ നടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തൃക്കാക്കരയിൽ കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും, നടിയെ യുഡിഫ് തെരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണെന്നുമാണ് സി പി എമ്മിന്റെ ആരോപണം.  നടികേസ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ  ആരോപണം ഉന്നയിച്ചു.  അഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇന്നലെ തൃക്കാക്കരയിൽ വിവിധ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും ഈ വിഷയത്തിൽ യാതൊരു പ്രതികരണവും മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല. നടി ഇന്നലെ ഹൈക്കോടതി മൻപാകെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി  മൗനം തുടരുകയാണ്.

ഈ വിഷയത്തിൽ നിയമന്ത്രികൂടിയായ പി രാജീവ് മാത്രമാണ് പ്രതികരിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം നടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേസിൽ നിർണായര ഇടപെടൽ നടത്തിയിരുന്നത് മുൻ തൃക്കാക്കര എം എൽ എയായ പി ടി തോമസായിരുന്നു. കേസിൽ നടിക്ക് നീതി ലഭ്യമാക്കണമെന്ന് പി ടി തോമസ് നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് ആരോപിച്ചിരിക്കയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമസംഭവങ്ങൾ അട്ടിമറിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടെന്നാണ് കോൺഗ്രസ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം.

നടി കേസ് തൃക്കാക്കരയിൽ ആളിക്കത്താൻ തുടങ്ങിയതോടെ പ്രതിരോധവുമായി കൂടുതൽ എൽ ഡി എഫ് നേതാക്കൾ മണ്ഡലത്തിൽ എത്തിയിരിക്കയാണ്. സോളാർ കേസ് വീണ്ടും ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കുകയാണ് സി പി എം.
നടി അക്രമണ കേസിൽ അട്ടിമറി ശ്രമം നടക്കുന്നതായുള്ള ആരോപണത്തിൽ സിനിമാ രംഗത്തുള്ള വരാരും പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി രംഗത്തിറങ്ങിയ ഇടത് സഹയാത്രികരെല്ലാം മൗനത്തിലാണ്. നടിക്ക് നീതി ലഭിക്കാനായി പി ടി തുടങ്ങിയ പോരാട്ടം തുടരുമെന്ന ഉമാ തോമസിന്റെ പ്രഖ്യാപനം തൃക്കാക്കരയിൽ തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് സി പി എം.  

അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ച് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്നുമാണ് നടിയുടെ പരാതി. വിചാരണ കോടതിയിൽ നേരത്തെയും അവിശ്വാസം പ്രകടിപ്പിച്ച് നടി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാരും നിയമ വകുപ്പും അനുകൂലമായല്ല പ്രതികരിച്ചിരുന്നത്.

അന്വേഷണം കൂടുതൽ മുന്നോട്ടു പോവുകയും ഡിജിറ്റൽ തെളിവുകളുടെ പശ്ചാത്തലത്തിൽ നടി അക്രമണ കേസിലും അന്വേഷണ സംഘത്തെ വിധിക്കാൻ ശ്രമിച്ച കേസിലും കൂടുതൽ തെളിവുകൾ ലഭ്യമാവുകയും കേസ് കൂടുതൽ ശ്കമാവുകയും ചെയ്തതോടെയാണ് ഇടപടെൽ ഉണ്ടായതെന്ന് വ്യക്തമാണ്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുകയും സാക്ഷികളെ കൂറുമാറാൻ സഹായിക്കുകയും ചെയ്തായി കണ്ടെത്തിയതിനെ തുടർന്ന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കെയാണ് പെട്ടെന്ന് എല്ലാം മാറി മറഞ്ഞത്. അന്വേഷണ തലവനെ മാറ്റി കേസിൽ അവ്യക്തതയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്.

നടി കേസിൽ കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും, ഇനിയൊരു ചോദ്യ ചെയ്യൽ ആവശ്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നിലപാട്. അന്വഷണ സംഘത്തെ വിധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ മുന്നോട്ട് പോവാൻ അന്വഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ദിലീപിന്റെ അഭിഭാഷകരിലേക്ക് അന്വേഷണം എത്തിയതോടെ ക്രൈംബ്രാ്ഞ്ചിന് മുകളിൽ പിടിവീണു. കാവ്യാമാധവനെ കൂടുതൽ ചോദ്യം ചെയ്യാനും അന്വഷണ സംഘത്തിന് അനുമതി ലഭിച്ചില്ല. ഇതെല്ലാം ഭരണ കക്ഷിയിലെ ഒരു ഉന്നതന്റെ ഇടപെടൽ മൂലമാണെന്നാണ് ഉയരുന്ന ആരോപണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നുനിൽക്കെ സർക്കാരിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉന്നയിക്കുകയാണ്. ഇത് ഭരണ പക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് രാ്ഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഗുരുതര ആരോപണങ്ങളാണ് അതിജീവിത സർക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിൻറെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്.

കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.

കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു.

കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചിരുന്ന ജഡ്ജ് പിൻമാറിയതിനാൽ നാളെ മാത്രമേ ഹൈക്കോടതി വാദം കേൾക്കൂ. കൗസർ എടപ്പകത്തിന്റെ ബെഞ്ച് കേസ് പരിഗണിക്കരുതെന്ന നടിയുടെ ആവശ്യത്തെ തുടർന്നാണ് ജഡ്ജ് വാദം കേൾക്കുന്നതിൽ നിന്നും പിൻമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here