സ്വന്തം ലേഖകന്‍

കൊച്ചി: നടി അക്രമകേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് എല്‍ ഡി എഫിന്റേത്. മറിച്ചുള്ള ആരോപണമെല്ലാം അടിസ്ഥാന രഹിതമാണ്. അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല, കേസന്വേഷണത്തില്‍ പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആകെ കൈവിട്ടു പോവുന്ന അവസ്ഥയിലെത്തിയപ്പോഴാണ് അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തെത്തിയത്.

ജിഷയ്ക്കും വിസ്മയ്ക്കും ഒക്കെ ലഭിച്ച നീതി അതിജീവിതയ്ക്കും കിട്ടും. പ്രതിപക്ഷം എന്നും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇടത് സര്‍ക്കാരാണ് നടി കേസിലെ പ്രതികള്‍ക്ക് വിലങ്ങ് വച്ചത്, അല്ലായിരുന്നു വെങ്കില്‍ പ്രതികളെ അറസ്റ്റു ചെയ്യില്ലായിരുന്നു. എല്ലാം ഇതുവരെ കാര്യക്ഷമമായാണ് നടന്നത്, തുടര്‍ന്നും കേസന്വേഷണം കുറ്റമറ്റ രീതിയില്‍ തന്നെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ഉന്നതന്റെ അടുത്തെത്തുമ്പോള്‍ അയ്യോ അങ്ങോട്ട് പോകല്ലേ… എന്നല്ല സര്‍ക്കാര്‍ പറയുന്നത്, ആരുടെ അടുത്തേക്കും പോയ്ക്കോ എന്നാണ് പറയുന്നത്. നേരത്തെ പല കേസുകളിലും ഇത്തരം വെള്ളം ചേര്‍ക്കലുകള്‍ നടത്തിയതിന്റെ അനുഭവത്തിലാണ് കോണ്‍ഗ്രസുകാര്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്നാല്‍ നടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തിയത്. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് നടി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു സി പി എം നേതാക്കളുടെ ആരോപണം. ഈ മാസം 31 ന് അന്വേഷണ റിപ്പോര്‍ട്ട് തിരക്കിട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഭരണകക്ഷിയിലെ ഒരു ഉന്നതന്റെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും നീതിലഭ്യമാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.

തുടരന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയതോടെയാണ് നടി കോടതിയെ സമീപിച്ചതെന്നിരിക്കെ സി പി എം നേതാക്കള്‍ ഇതില്‍ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത് യു ഡി എഫ് ആയുധമാക്കിയിരിക്കയാണ്. ഇതോടെയാണ് അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാരെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എത്തിയത്. നടിക്കെതിരെ സി പി എം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നതും ്ശ്രദ്ധേയമാണ്. തൃക്കാക്കരയില്‍ എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാവുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്.

നടി അക്രമണ കേസില്‍ വേട്ടക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയും ഇരകള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന നിലപാടാണ് ഇടത് നേതാക്കള്‍ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അതിജീവിതയുമായി ഗൂഢാലോചന നടത്തിയാണ് കേസ് കൊടുത്തതെന്ന സി പി എം നേതാക്കളുടെ ആരോപണം വിരോധാഭാസമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസ് ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കാന്‍ കൂട്ടുനിന്നത് ആരാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്ത് ഉണ്ടായ കേസല്ല ഇതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങള്‍ അറിഞ്ഞതിന്റെ ജാള്യതയാണ് സി പി എം നേതാക്കള്‍ക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here