രാജേഷ് തില്ലങ്കേരി


ആരെതിർത്താലും ഞങ്ങൾ നടപ്പിലാക്കും, ആർക്കും തടുക്കാനാവില്ല…. കെ റെയിൽ വിരുദ്ധ സമരം കേരളത്തിൽ ആളിപ്പടരുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവയാണിത്. കേരളം ആഗ്രഹിക്കുന്നത് വികസനമാണ് എന്നത് എതിർപ്പില്ലാത്ത വിഷയമാണ്. എന്നാൽ കേരളത്തെ അപ്പാടെ തകർക്കുന്നൊരു പദ്ധതിയുമായാണ് പിണറായി സർക്കാർ രംഗത്തിറങ്ങിയത്,
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തോൽവിയിൽ മിണ്ടാട്ടം മുട്ടിയിരിക്കയാണ് ക്യാപ്റ്റന്. ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് 100 എന്ന ടാഗ് ലൈനുമായി കൊച്ചിക്ക് വണ്ടികയറിയ മുഖ്യമന്ത്രി ഇവിടെ മലമറിക്കുമെന്നും കോൺഗ്രസിനെ ആകെ തകർക്കാമെന്നുമൊക്കൊയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചതാവട്ടെ നേരെ തിരിച്ചും. വിജയൻ എന്നാൽ തോൽക്കാത്തവൻ എന്നാണല്ലോ, തൃക്കാക്കരയിലെ പരാജയത്തിൽ ആകെ ഉലഞ്ഞിരിക്കയാണ് മുഖ്യൻ.

വിസന വീരനായ കെ വി തോമസ് സഹായിക്കാനെത്തിയിട്ടും, തൃക്കാക്കരയിൽ തോറ്റതിലാണ് ആശ്ചര്യം. കെ വി തോമസിന് പിറകെ ഒരു വലിയ സംഘം കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണെന്നായിരുന്നു ജയരാജൻ ചിറ്റപ്പന്റെ പ്രഖ്യാപനം. കണ്ണൂർ നേതാക്കൾ കൊച്ചിയിൽ വന്ന് തമ്പടിച്ചിട്ടും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് തിളക്കമാർന്ന വിജയം കൈവരിച്ചതോടെ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിക്കാതിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.  തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിനം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഒന്നും അതേക്കുറിച്ച് ഒരക്ഷരംപോലും  മിണ്ടിയിട്ടില്ല. 
 

കെ.വി. തോമസിനൊപ്പം ഒഴുകിവരുമെന്നു കരുതിയ കോൺഗ്രസുകാരെ പിടിക്കാൻ വലയിട്ടിരുന്ന ജയരാജൻ ചിറ്റപ്പന്റെ വലയിൽ ഇതുവരെ ഒന്നും തടഞ്ഞില്ല. വില്ലാളി വീരൻ സുധാകരനും യുദ്ധചാണക്യൻ സതീശനും ചാടിപ്പോകാനിരുന്ന ചെറുമീനുകളെ തിരികെ കുളത്തിൽ പിടിച്ചിട്ടു. ജയരാജൻ വീണ്ടും ശശിയായി! തിരുത തോമാ വീണ്ടും തിരുതാ തോമയായി!!!


കുറച്ച് കൂടി വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎമ്മിന്റെ തലമുതിർന്ന നേതാവായ എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞപ്പോൾ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നായിരുന്നു താത്വികാചാര്യൻ എം എ ബേബിയുടെ പ്രതികരണം. തോൽവി പാർട്ടിയും മുന്നണിയും വിശദമായി വിലയിരുത്തുമെന്നാണ് സി പി എം നേതാക്കൾ വ്യക്തമാക്കുമ്പോഴും തൃക്കാക്കരയിൽ പാർട്ടിക്ക് വോട്ട് കൂടിയിട്ടുണ്ടെന്നായിരുന്നു വിചിത്രമായ മറ്റൊരു കണ്ടെത്തൽ. മാത്രവുമല്ല തൃക്കാക്കര ഒരു കോൺഗ്രസ് മണ്ഡലമാണെന്നും സി പി എം യോഗം ചേർന്ന് കണ്ടെത്തിക്കഴിഞ്ഞു. എന്താല്ലേ? അപാര കണ്ടെത്തൽ തന്നെ. എന്നാൽ പിന്നെ ആ മണ്ഡലം ജോസു മോനു കൊടുത്താൽ പോരായിരുന്നോ? അവിടെ കത്തോലിക്ക വികാരം അണപൊട്ടിയൊഴുകിയേനെ!

 
ഒ.പി. നിർത്തി വോട്ടർമാരെ കാണാനിറങ്ങിയ ഡോക്ടർ, തിരികെയെത്തി ഒ പി തുറന്നു രോഗികളെ കണ്ടു തുടങ്ങി. മണ്ഡല സന്ദർശനത്തിൽ കാണാത്തത്ര ആളുകളാണത്ര ഡോക്ടറെ കാണാൻ ഒ.പി. സന്ദര്ശനത്തിനുള്ളത്. ഒരു മാറ്റം മാത്രമാണുള്ളത്; തോളിൽ തൂങ്ങികിടന്നിരുന്ന രക്തഹാരത്തിനു പകരം സ്തെതസ്ക്കോപ്പ് തിരികെയെത്തി.
 
കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആകമാനം നടക്കുന്ന പ്രക്ഷോഭങ്ങൾ തൃക്കാക്കരയെ ബാധിച്ചു എന്ന സത്യം അവരിപ്പോഴും അംഗീകരിക്കുന്നില്ല. തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം ദുരൂഹമായിരുന്നു സി പി എമ്മിന്റെ തുടക്കം. ലിസി ആശുപത്രിയിലെ ഒരു ഡോക്ടറായ ജോ ജോസഫിനെ അപ്രതീക്ഷിതമായി കളത്തിലിറക്കിയതു മുതൽ സി പി എമ്മിൽ നേതാക്കൾ രണ്ടു തട്ടിലായിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെ റെയിൽ വിഷയത്തിൽ മാധ്യമങ്ങളിലെ പോരാട്ടമുഖവുമായ അഡ്വ അരുൺകുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും ചില ഇടപടെലലിന്റെ ഭാഗമായി ഡോ ജോ ജോസഫ് രംഗത്തുവരികയും ചെയ്തതാണ് സി പി എമ്മിന്റെ വലിയ തകർച്ചയ്ക്ക് പ്രധാന കാരണം. 
 
ഡോ ജോ ജോസഫ് തീർത്തും പക്വതയില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ഡോക്ടറായ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലത്തിലെ പ്രമുഖ വിഭാഗത്തിന്റെ വോട്ട് അനുകൂലമായി വീഴുമെന്നായിരുന്നു സി പി എം കരുകിയത്. അങ്ങിനെ പലവിധ അരാഷ്ട്രീയ നിലപാടുകളാണ് തൃക്കാക്കരയിൽ പയറ്റിയത്.  

കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വൻ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റി. കനത്ത തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പ്രതിപക്ഷം മുതൽ മുന്നണി ഘടകക്ഷി നേതാക്കൾ വരെ ഒളിഞ്ഞും തെളിഞ്ഞും സിൽവർ ലൈൻ സജീവ ചർച്ചയാക്കുന്നുണ്ട്.

മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് എല്ലാവരും ഓരേ സ്വരത്തിൽ പറയുമ്പോഴും പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിക്ക് ഈക്കാര്യത്തിൽ മൗനമാണ്. സീറ്റ് 100 തികയ്ക്കുന്നതിന് അപ്പുറത്ത് യുഡിഎഫ് മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ചാണ് സിപിഎം തൃക്കാക്കരയിൽ ഇറങ്ങിയത്. 
 
ക്യാപ്റ്റനിറങ്ങിയാൽ കളം മാറുമെന്ന പ്രചാരണം ഫലം ചെയ്തില്ലേ? സ്ഥാനാർത്ഥി നിർണ്ണയം തിരിച്ചിടയായോ? താഴെ തട്ടുമുതൽ പഴുതടച്ചെന്ന് കരുതി തയ്യാറാക്കിയ പ്രചാരണ രീതികൾ പാളിപ്പോയോ ? എല്ലാറ്റിനും മേലെ സർക്കാരിന്റെ വികസന നയ സമീപനത്തിൽ മാറ്റം വരുത്തണോ ? വരും ദിവസങ്ങളിൽ പരിശോധനകൾക്കും വിശകലനങ്ങൾക്കും സിപിഎമ്മിന് മുന്നിൽ വിഷയം ഒരുപാടുണ്ട്. കെ റെയിൽ വിഷയത്തിൽ ഇനിയെന്ത് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. 
 
കെ റെയിലുമായി മുന്നോട്ട് പോവുമെന്ന് പറയുമ്പോഴും പാർട്ടിയിൽ വലിയൊരു വിഭാഗം കെ റെയിലിന് എതിരാണ് എന്നതാണ് സത്യം. തൃക്കാക്കരയിലെ പാർട്ടി കേന്ദ്രങ്ങളിൽ പോലും വോട്ട് ഗണ്യമായി ചോർന്നു. ഉമ തോമാസിനോടുള്ള സഹതാപമാണ് വോട്ടായി മാറിയതെന്നാണ് സി പി എം വിലയിരുത്തുന്നത്. അന്തരിച്ച മുൻ എം എൽ എ പി ടി തോമസിന്റെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാർത്ഥിയെന്നും അവർക്ക് സഹതാപത്തിന്റെ പേരിൽ വോട്ട് ലഭിക്കുമെന്നും നേരത്തെ അറിയാൻ പറ്റാത്തതും എന്തു കൊണ്ടായിരുന്നു എന്ന മറുചോദ്യവും സി പി എം നേതൃത്വത്തെ തിരിഞ്ഞുകൊത്തും.

ഉമ തോമസ് കേവലം പി ടി തോമസിന്റെ ഭാര്യമാത്രമായല്ല തൃക്കാക്കരയിലെ വോട്ടർമാർ സ്വീകരിച്ചത്. അവർ കെ എസ് യു വിന്റെ നേതാവായിരുന്നു. എസ് എഫ് ഐയുടെ ഉരുക്കുകോട്ടയായ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു വിന്റെ പാനലിൽ നിന്നും ജയിച്ചുകയറി കോളജ് യൂണിയൻ വൈസ് ചെയർമാനായ പൊതുപ്രവർത്തകയാണ്. കോൺഗ്രസ് പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗം കൂടിയായിരുന്നു, പി ടി തൃക്കാക്കരയിൽ മത്സരിച്ച രണ്ടു തവണയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്നു അവർ. 
 
സ്ഥാനാർത്ഥി തന്നെയാണ് ഇത്രയും മിന്നുന്ന വിജയം കോൺഗ്രസിന് നൽകിയത്. നേതാക്കളുടെ ഐക്യവും വിജയത്തിന് തിളക്കം കൂട്ടി. രാഷ്ട്രീയമായ തിരിച്ചടിയാണെന്ന് പറയാൻ സി പി എമ്മിന് എന്നും മടിയാണ്. വർഗീയ ശക്തികളുമായി സന്ധി ചെയ്തു വെന്ന് പറയാം, പലതരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കാം. എന്നാൽ എന്താണ് പരാജയത്തിന് കാരണമെന്ന് ജനങ്ങളോട് പറയണം. മുഖ്യമന്ത്രിക്കും അതിനുള്ള ധാർമ്മിക ഉത്തരവാദിത്വമുണ്ട്.


തന്നെ ലീഡറെന്ന് വിളിക്കരുതേ:വി ഡി സതീശൻ

തൃക്കാക്കരയിലുണ്ടായ മിന്നുന്ന വിജയത്തിന് പിന്നിൽ ആരാണെന്ന അന്വേഷണത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയും മന്ത്രിപ്പടയും തൃക്കാക്കര പിടിക്കാനായി ഇറങ്ങിയപ്പോൾ ചങ്കുറപ്പോടെ നിന്നു പൊരുതിയ നേതാവാണ് വി ഡി സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിക്കുന്നതടക്കം തന്ത്രങ്ങളെല്ലാം വി ഡി സതീശന്റെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്.  
സ്ഥാനാർത്ഥി നിർണയത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നിന്നതോടെ കൂടുതൽ വിവാദങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനായി. 
 
പഴുതുകൾ അടച്ചുള്ള പ്രചാരണം ഫലം കണ്ടു. ഉമാ തോമസിന് മിന്നും വിജയമുണ്ടായി. തൃക്കാക്കരയിൽ കെ റെയിൽ അടക്കം ചർച്ചകൾക്ക് വിധേയമാക്കി. ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന സതീശന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയുണ്ടാവുമെന്നുവരെ വിശ്വസിച്ചവരുണ്ടായിരുന്നു കോൺഗ്രസിൽ. എന്നാൽ സംഭവിച്ചത് തിരിച്ചുമായിരുന്നു. തൃക്കാക്കര പൊന്നാപുരം കോട്ടയായി സംരക്ഷിച്ചതിൽ വി ഡി സതീശന് പ്രശംസയും ആവോളം ലഭിച്ചു. അതിനിടയിലാണ് സതീശനെ ലീഡർ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡുകൾ തലസ്ഥാനത്ത് സ്ഥാനം പിടിച്ചത്. ഇത് പലകോൺഗ്രസ് നേതാക്കൾക്കും ഇഷ്ടമായില്ല. എന്തിനേറെ വി ഡി സതീശന് പോലും ഇഷ്ടമായില്ല.

കോൺഗ്രസിന് പുതുജീവനുണ്ടായ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. അതിനാൽ കോൺഗ്രസിൽ ഐക്യം നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമായി അറിയാവുന്ന നേതാവാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാനുള്ള ബാധ്യത അദ്ദേഹം ഏറ്റെടുത്തിരിക്കയാണ്. അതിനാൽ തന്റെ പേരിൽ ലീഡർ എന്ന വിളിവേണ്ടെന്നും, ഫ്‌ളക്‌സിൽ എല്ലാവരുടെയും തലവേണമെന്നും കൂട്ടായ്മയുടെ വിജയമാണ് തൃക്കാക്കരയിലേതെന്നും വ്യക്തമാക്കിയിരിക്കയാണ്.


അമ്പടാ… ജോണിക്കുട്ടാ….!!!

കേരളാ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ് ജോണി നെല്ലൂർ. മൂന്ന് തവണ എം എൽ എയായിരുന്നു നെല്ലൂർ. കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന്റെ നെടുംതൂണായിരുന്ന ജോണി നെല്ലൂർ അനൂപ് ജേക്കബ്ബുമായി പിണങ്ങി ജോസഫിനൊപ്പമായിരുന്നു. അധികാരമില്ലാത്ത പാർട്ടിക്കൊപ്പം നിന്നുള്ള ശീലമില്ലാത്തയാളാണ് മിസ്റ്റർ നെല്ലൂർ. ഇനിയിപ്പോ എം എൽ എയൊന്നും ആവാൻ അവസരം കിട്ടില്ലെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. അപ്പോ എന്ത് വേണം, സെയിഫായൊരു ഇടം കണ്ടെത്തണം. 
 
കേരളാ കോൺഗ്രസ് എം ഇപ്പോൾ അധികാരമുള്ള പാർട്ടിയാണ്. ഇടതുപക്ഷത്തേക്കു ചായാനാണ് അങ്ങോർക്ക് താല്പര്യവും.
പാർട്ടി മാറാനായി സ്റ്റേറ്റ് കാർ വേണമെന്നാണ് ജോണി നെല്ലൂർ രാഷ്ട്രീയ ദല്ലാളോട് ആവശ്യപ്പെട്ടത്.  വെറുതെ സ്‌റ്റേറ്റ് കാറല്ല,  നല്ലൊരു പോസ്റ്റും സ്‌റ്റേറ്റ് കാറുമാണ് ആവശ്യം. 
ബി ജെ പി ക്കാരിപ്പോൾ ക്രൈസ്തവ  നേതാക്കളെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണത്രേ. പി സി ജോർജിന് പിന്തുണ പ്രഖ്യാപിച്ചതൊക്കെ അതിന്റെ ഭാഗമാണല്ലോ. ക്രിസ്ത്യാനി പ്രേമത്തിന്റെ ഭാഗമായി ബി ജെ പിക്കാർ ചില വാഗ്ദാനങ്ങൾ തനിക്കുതന്നിട്ടുണ്ടെന്നാണ് ജോണിച്ചായന്റെ വെളിപ്പെടുത്തൽ. 
 
എന്തായാലും ജോണിച്ചായൻ പെട്ടിരിക്കയാണ്. ആ ശബ്ദം എന്റേതല്ലെന്നും, എന്നെ തകർക്കാൻ ആരോ കെട്ടിച്ചമച്ചതാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ആർക്കാണ് ജോണി നെല്ലൂരിനെ രാഷ്ട്രീയമായി തകർക്കാൻ താല്പര്യമെന്നാണ് തിരിച്ചുള്ള ചോദ്യം. ഒന്നും കിട്ടാതെ പൊതു പ്രവർത്തന രംഗത്ത് നിൽക്കുന്നതിലെ വിഷമം ഏവർക്കും മനസിലായി അമ്പട സാറേ….


വാൽകഷണം :  
താല്പര്യമില്ലാതെയാണ് താൻ മത്സരിച്ചതെന്ന് എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിനു ശേഷം നിയമസഭയിൽ എത്തുമെന്ന് പറഞ്ഞത് എത്ര പെട്ടെന്നാണ് അദ്ദേഹം മറന്നത്!

LEAVE A REPLY

Please enter your comment!
Please enter your name here