തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തയെ ആശ്രയിച്ച് പ്രതികരണം നടത്തുന്നത് ശരിയാണോ എന്നറിയില്ല. പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമനടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കര്യത്തിൽ മുഖ്യമന്ത്രിക്ക് ഇതേ കോടതിയിൽ തന്നെ പരാതി നൽകാം. നൽകിയ മൊഴി കളവാണെന്ന് തെളിയിച്ചാൽ അവരെ ഏഴ് വർഷം തടവിന് ശിക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആളുകൾ പറയുന്നത് അനുസരിച്ച് ഞങ്ങൾ ആഘോഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ആരോപണങ്ങളിൽ മറുപടി നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് മുഖ്യമന്ത്രിയോട് തന്നെയാണ് ചോദ്യം ചോദിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസല്ല മറുപടി നൽകേണ്ടത്. ഒരു വെളിപ്പെടുത്തലിനോട് പോലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സ്വപ്ന സുരേഷിന്റെ ആരോപണം തെറ്റാണെന്ന് പറയാൻ സിപിഎം നേതാക്കൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്നയുടെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കർ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരും പങ്കെടുത്തു. 2017 സെപ്റ്റംബർ 26ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. പിണറായിയുടെ മകൾക്ക് ഷാർജയിൽ ഐ.ടി സംരംഭം തുടങ്ങുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നതെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു



LEAVE A REPLY

Please enter your comment!
Please enter your name here