പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കണം

തിരുവനന്തപുരം :  പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ് ആവശ്യമുയർന്നത്. പ്രവാസികളുടെ വിമാന യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാൻ എയർ കേരള കമ്പനി സംബന്ധിച്ച് പുനരാലോചന നടത്തണം. വിമാനക്കമ്പനികളുമായി ചർച്ച നടത്തി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികളുണ്ടാകണം. പ്രവാസികളുടെ മക്കൾ ഉന്നതവിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശത്തുള്ളവരുടെ കുട്ടികൾക്ക് പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കണം. നഴ്‌സിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നതിൽ നോർക്ക ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലും നിരവധി സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. കേരളത്തിൽ ബിടെക് ബിരുദമാണ് നൽകുന്നത്. എന്നാൽ യു. എ. ഇ അംഗീകരിച്ചിരിക്കുന്നത് ബി. ഇ ബിരുദമാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് അഭിപ്രായമുയർന്നു.

നോർക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കണം. ടൂറിസം മേഖലയിൽ കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. പ്രവാസി പെൻഷൻ സംബന്ധിച്ചും നിരവധി ആവശ്യങ്ങളുണ്ടായി.

മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, മുഹമ്മദ്‌റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജോൺബ്രിട്ടാസ് എം.പി, എം. എൽ. എമാരായ ടി.പി.രാമകൃഷ്ണൻ, തോമസ് കെ. തോമസ്, ഇ.കെ. വിജയൻ, കുഞ്ഞഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. ചർച്ചയിൽ 45 പ്രതിനിധികൾ സംസാരിച്ചു. 73 പേർ 200 ലധികം നിർദ്ദേശങ്ങൾ എഴുതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here