യോഗാദിനമായ നാളെ (ജൂണ്‍ 21) രാവിലെ 6ന് നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി പങ്കെടുക്കും

75 കേന്ദ്രമന്ത്രിമാരാണ് 75 ചരിത്രപ്രധാനമായ ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്.



ന്യൂഡെല്‍ഹി: എട്ടാമത് ആഗോള യോഗ ദിനം പ്രമാണിച്ച് തിരുവനന്തപുരത്തു നടക്കുന്ന പരിപാടികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നേതൃത്വം നല്‍ഗകും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് പരിപാടി. യോഗാദിന പരിപാടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടുള്ള 75 സ്ഥലങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനട.

യോഗാദിനമായ നാളെ (ജൂണ്‍ 21) രാവിലെ 6 മണിക്ക് മന്ത്രി മുരളീധരന്റെ പ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് ആഗോള യോഗാ ദിനം പ്രമാണിച്ച് ലോകമെങ്ങുമുള്ള യോഗാ പ്രായോജകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗം ലൈവായി റിലേ ചെയ്യും. വിവിധ യോഗാഭ്യാസങ്ങള്‍ ചെയ്യേണ്ടതെങ്ങനെയെന്നുള്ള ഡെമോണ്‍സ്‌ട്രേഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. മൈസുരില്‍ നടക്കുന്ന യോഗദിന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ നടന്നു വരികയായിരുന്ന യോഗാദിന പരിപടികള്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് വീണ്ടും പൊതുചടങ്ങുകളോടെ ആഘോഷിക്കുന്നത്.

ഇന്ത്യയുടെ വിവിധ വിദേശ രാജ്യങ്ങളിലുള്ള മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ആയുഷ് വകുപ്പും വിദേശകാര്യ വകുപ്പും യോഗാദിനം പ്രമാണിച്ച് ഗാര്‍ഡിയന്‍ റിംഗ് എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ആഗോള നഗരങ്ങളില്‍ നിന്ന് തത്സമയ ഡിജിറ്റല്‍ സ്ട്രീമിംഗുകള്‍ ഉണ്ടാകും. ജപ്പാനില്‍ നിന്ന് ഇന്ത്യന്‍ സമയം രാവിലെ 3ന് ആരംഭിക്കുന്ന സ്ട്രീമിംഗ് യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ സ്ട്രീമിംഗോടെ സമാപിക്കും. 70ഓളം രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികള്‍ രാവിലെ ഇന്ത്യന്‍ സയമം 3 മുതല്‍ രാത്രി 10 വരെ ദൂരദര്‍ശന്‍ ലൈവായി സംപ്രേഷണം ചെയ്യും.

ഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗാര്‍ഡിയന്‍ റിംഗ് എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് വിദേശകാര്യ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യോഗയുടെ ഏകീകരണ ശക്തി എന്ന വിഷയത്തിലാകും പരിപാടിയുടെ ഊന്നല്‍. ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ അരങ്ങേറുന്ന പരിപാടി ലോകമെങ്ങുമുള്ള ആളുകളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

രാജ്യം സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അടുപ്പിച്ച് വരുന്നതില്‍ പൂര്‍വാധികം ഗംഭീരമായാണ് ഈ വര്‍ഷത്തെ യോഗാദിന പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 75 കേന്ദ്രമന്ത്രിമാരാണ് 75 ചരിത്രപ്രധാനമായ ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രസിദ്ധമായ ജ്യോതിര്‍ലിംഗ് ത്രയംബകേശ്വര്‍ ക്ഷേത്രത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്നത്. ഡെല്‍ഹി പുരാണ ഖിലയിലെ പരിപാടിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here