30 പേര്‍ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു ( sdpi attack dyfi jishnu ).

 
 
 

തന്നെ കുറെ കാലമായി എസ്ഡിപിഐ മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളത്തില്‍ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവില്‍ കഴുത്തില്‍ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.

പാഷന്‍ പ്ലസ് ബൈക്കിലെത്തിയ രണ്ട് പേരാണ് വടിവാളുമായി വന്നത്. അത് കഴുത്തില്‍ വാള്‍ വച്ചിട്ട് അവര്‍ പറയുന്നത് പോലെ പറയാന്‍ ആശ്യപ്പെടുകയായിരുന്നു. സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗങ്ങളും പറഞ്ഞിട്ട് അവരുടെ ഫ്‌ലക്‌സുകളും കൊടി തോരണങ്ങളും കീറിയെന്ന് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് തന്റെ പിറന്നാളാണ്. ഒരു ചെറിയ കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നു. അത് ആഘോഷിക്കുന്നതിനായി സുഹൃത്തിനെ വിളിക്കാന്‍ അവന്റെ വീട്ടില്‍ പോയതാണ്. അവനെ തിരിച്ചു കൊണ്ടാക്കാണമെന്നും പറഞ്ഞിരുന്നു. ഇതിനായി അവനെ വിളിക്കാന്‍ പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. എസ്ഡിപിഐയുടെ ഗുണ്ടാ സംഘമായിട്ടുള്ള മുസ്ലിം ലീഗുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. വണ്ടിയിലെ ഇന്ധനം തീര്‍ന്നു എന്ന് പറഞ്ഞ് തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അതില്‍ രണ്ടുപേരെ കാര്യമായി തന്നെ മര്‍ദിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ കൊടിമരമോ കൊടിയോ എന്തോ നഷ്ടപ്പെട്ടിരുന്നു. അത് താനാണ് ചെയ്തത് എന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു തന്നെ വെള്ളത്തില്‍ മുക്കിയതെന്നും ജിഷ്ണു പറഞ്ഞു.

കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തില്‍ എസ്ഡിപിഐ- ലീഗ് പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഒന്നരയോടെ കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്ലക്സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാന്‍ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം. എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് ജിഷ്ണുവിനെ അവശനാക്കുകയായിരുന്നു. മര്‍ദനത്തിന് ശേഷം ജിഷ്ണുവിന്റെ ഒരു വിഡിയോയും ഈ അക്രമികള്‍ ചിത്രീകരിച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫ്ലക്സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയില്‍ പറയുന്നത്.

സംഭവ സ്ഥലത്ത് ഉടന്‍ തന്നെ പൊലീസ് എത്തിയാണ് ജിഷ്ണുവിനെ അവിടെ നിന്ന് മാറ്റുന്നത്. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം പേര്‍ ചേര്‍ന്നാണ് ജിഷ്ണുവിനെ മര്‍ദിച്ചതെന്നാണ് പറയുന്നത്. നിലവില്‍ അക്രമികളെ കുറിച്ച് വിശദമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ജിഷ്ണുവിനെ മര്‍ദനമേറ്റതറിഞ്ഞാണ് പൊലീസ് പ്രദേശത്തെത്തുന്നത്. എന്നാല്‍ പൊലീസ് എത്തുന്നതിനിടയില്‍ തന്നെ അതിക്രൂരമായ മര്‍ദനം ജിഷ്ണുവിനേറ്റിരുന്നു. ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ബാലുശേരി പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തി. ഫ്ലക്സ് കീറി എന്നാരോപിച്ച് ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here