തിരുവനന്തപുരം:‌ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ചത് വീഴ്ചയാണെന്നും ഉത്തരവാദികളായ നാലുപേർക്കെതിരെ നടപടിയെടുത്തെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉടൻ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.വിപുരാജ്, പ്രവീൺ, വിഷ്ണു, വസീല എന്നീ കരാർ ജീവനക്കാർക്കെതിരെയാണ് നടപടി. സഭാ ടിവിക്ക് സാങ്കേതിക സഹായം നകുന്ന സ്ഥാപനത്തിലെ ജീവനക്കാരാണിവർ. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

സഭാ മന്ദിരത്തിൽ കടക്കാൻ നിയമസഭാ ജീവനക്കാരാരും അനിതയെ സഹായിച്ചിട്ടില്ല. വാച്ച് ആൻഡ് വാർഡുമാർ അവരെ തിരിച്ചറിഞ്ഞില്ല. ഓപ്പൺ ഫോറത്തിന്റെ പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത് മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു. ഇതിലൊരു പാസുമായാണ് അവർ എത്തിയതെന്നും സ്പീക്കർ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും സ്പീക്കർ വിശദീകരിച്ചു.

 

അനിത നിയമസഭ മന്ദിരത്തിലെത്തിയത് സഭാ ടി.വിയുടെ കൺസൾട്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ പിന്തുണയോടെയാണെന്ന നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് സ്പീക്കർക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.

സഭാ ടി.വിക്ക് സഹായം നൽകുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാർക്കൊപ്പം എത്തിയ അനിതയുടെ പക്കൽ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള കത്തുണ്ടായിരുന്നതിനാലാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകിയത്. അനിത സഭാമന്ദിരത്തിൽ പ്രവേശിച്ചത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാരാണ് സഭാമന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ എത്തിച്ചത്. ലോക കേരളസഭയുടെ ഭാഗമായ ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചത്. എന്നാൽ അത് അവർക്കെങ്ങനെ കിട്ടിയെന്നതിനെപ്പറ്റി റിപ്പോർട്ടിലില്ല. അവരുടെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ കണ്ടപ്പോൾ സുരക്ഷാജീവനക്കാർ തടഞ്ഞതുമില്ല.

ലോക കേരളസഭ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് അനിത പ്രവേശിച്ചിട്ടില്ല. ഏതൊക്കെ വഴിയിലൂടെ കറങ്ങിയെന്നത് കണ്ടെത്താനാവശ്യമായ സി.സി ടിവി ദൃശ്യങ്ങളുമില്ല. സഭാ ഇടനാഴികളിൽ സി.സി ടിവികളില്ല. ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. ആറ് വാച്ച് ആൻഡ് വാർഡുമാരിൽ നിന്നാണ് ചീഫ് മാർഷൽ തെളിവുകൾ ശേഖരിച്ചത്.

ഓപ്പൺഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകളെയാണ് ഏല്പിച്ചിരുന്നത്. ഇവർ വഴിയായിരിക്കാം അനിതയ്ക്ക് ക്ഷണക്കത്ത് കിട്ടിയതെന്നാണ് വിലയിരുത്തൽ. തങ്ങൾ ക്ഷണിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യം അന്വേഷിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു നോർക്ക. സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് ചീഫ് മാർഷൽ അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here