തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫായ അവിഷിത്ത് കെ ആർ ഈമാസം ആദ്യം സ്റ്റാഫിൽ നിന്നും ഒഴിവായിപോയ ആളാണെന്ന വാദം പൊളിയുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച കേസിൽ ഉൾപ്പെട്ടതോടെ ശനിയാഴ്ച രാവിലെയാണ് സ്റ്റാഫിനെ നീക്കാനുള്ള കത്ത് നൽകിയതെന്ന രേഖകൾ പുറത്തുവന്നതോടെയാണ് മന്ത്രി പറഞ്ഞത് കളവാണെന്ന് വ്യക്തമായത്. എസ് എഫ് ഐ അക്രമണത്തിൽ ഉൾപ്പെട്ട അവിഷിത്തിനെ കേസിൽ നിന്നും ഒഴിവാക്കാൻ സി പി എം നേതൃത്വം പൊലീസിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പൊലീസ് വഴങ്ങാതെ വന്ന സാഹചര്യത്തിലാണ് അക്രമ കേസിൽ അവിഷിത്തിനെയും പ്രതിചേർത്തത്.
പൊലീസ് ഉദ്യോഗസ്ഥർ അക്രമം നടക്കുമ്പോൾ മൗനം പാലിച്ചതിന് കാരണവും മന്ത്രിയുടെ സ്റ്റാഫ് അടക്കമുള്ള എസ് എഫ് ഐ നേതാക്കളുടെ പങ്കാളിത്തമാണെന്നാണ് ആരോപണം.
കൽപ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതോടെ പൊലീസും ആകെ പ്രതിരോധത്തിലായിരിക്കയാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം ദേശീയതലത്തിൽ വിവാദമായി മാറിയതോടെ സർക്കാരും പ്രതിരോധത്തിലാണ്. അക്രമണ കേസിലെ പ്രതികളിൽ ഒരാൾ മന്ത്രിയുടെ സ്റ്റാഫ് അംഗമാണെന്ന വാർത്ത വന്നതോടെയാണ് മന്ത്രി നിഷേധിച്ച് രംഗത്തെത്തിയത്. എന്നാൽ മന്ത്രിയുടെ വാദം പൊളിഞ്ഞതോടെ സർക്കാർ കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കയാണ്.
സ്റ്റാഫ് അംഗമായ അവിഷിത്ത് നേരത്തെ സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെട്ടയാളാണെന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. എന്നാൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത് മന്ത്രിയുടെ പ്രസ്താവന വന്നതിന് ശേഷമാണെന്നാണ് രേഖകൾ. 

LEAVE A REPLY

Please enter your comment!
Please enter your name here