രാജേഷ് തില്ലങ്കേരി

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. മുൻ മന്ത്രിമാരായ എ കെ ബാലനും ടിപി രാമകൃഷ്ണനുമാണ് കമ്മീഷനംഗങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പ്രശ്‌നങ്ങളും വിഭാഗീയതയും വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങളുമാണ് കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരിക.  

ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാർട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്.

എൽ ഡി എഫിൻറെ മുൻമന്ത്രിമാരും എം എൽ എമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.  സർക്കാരിന്റെ അമിതമായ ഇടപെടലുണ്ടായെന്നും ആരോപണമുണ്ടായിരുന്നു.

എറണാകുളം ജില്ലാ സെക്രട്ടറിയെ നോക്കുകുത്തിയാക്കി മന്ത്രി പി രാജീവും എം സ്വരാജുമാണ് തെരഞ്ഞെടുപ്പിൽ തീരുമാനങ്ങൾ എടുത്തിരുന്നതെന്ന ആരോപണം ശക്തമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടായി എന്നാണ് സംസ്ഥാന സമിതിയിൽ ഉയർന്ന ആരോപണം. ഇതോടെയാണ്  പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കാൻ തീരുമാനമുണ്ടായത്. പാർട്ടിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്ന ബൂത്തുകളിൽപോലും വലിയതോതിൽ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ട്.  സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ കമ്മിറ്റി തീരുമാനം അട്ടിമറിച്ചെന്നാണ് ഉയർന്നിരിക്കുന്ന പരാതി. ്ഡ്വ കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പി രാജീവ് ഇടപെട്ട് അട്ടിമറിച്ചു എന്നാണ് ജില്ലാ സെക്രട്ടറിയുടെ ആരോപണം.
സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ വലിയ പാളിച്ചയുണ്ടായി, ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതപം, സ്ഥാനാർത്ഥി പ്രഖ്യാപനം ലിസി ആശുപത്രിയിൽ വച്ച് നടത്തിയതുമാണ് പരാജയകാരണമെന്നാണ് ആരോപണം. ജോ ജോസഫ്  സഭാ സ്ഥാനാർത്ഥിയെന്ന ആരോപണവും പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. കുന്നത്തുനാട് എം എൽ എ വി പി ശ്രീനിജൻ ട്വന്റി 20 ക്കെതിരെയെടുത്ത നിലപാടും തിരിച്ചടിയായെന്ന ആരോപണം മറുഭാഗത്തിനുണ്ട്.

അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനു ശേഷം തൃക്കാക്കരയിൽ പലരുടെയും തല ഉരുളാനാണ് സാധ്യത. ജില്ലാ സെക്രട്ടറി സി എൻ മോഹനനും പി രാജീവും തമ്മിലുള്ള പടലപ്പിണക്കം വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗീയത കൂടുതൽ രൂക്ഷമാവാനാണ് സാധ്യത. 
 

LEAVE A REPLY

Please enter your comment!
Please enter your name here