തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാർഡും പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷം നൽകിയ നോട്ടീസ് അവർ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. സർക്കാരിൻറെ മറുപടി തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സഭയിൽ സംസാരിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിൻറെ ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിൻറെ അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിൻറെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം കേരളപോലീസിൻറെ അറിവോടെയാണെന്നും, യഥാർത്ഥ പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയാമെന്നും ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയനോട്ടീസ് നൽകിയത്. എന്നാൽ  ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാൽ വിഷയങ്ങൾ ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു.

ശൂന്യവേളയിൽ സഭ ചേർന്നശേഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ പരിഗണനയ്ക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തിൽ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ നപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തുടർന്ന് അടിയന്തര പ്രമേയം സഭക്ക് പുറത്ത് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു.

സ്വപ്‌നാ സുരേഷിന്റെ അപകീർത്തികരമായ മൊഴികൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ല, ഈകാര്യത്തിൽ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. വിജയനെയോ സർക്കാരിനെയോ തകർക്കാനാവില്ലെന്നും ഓർക്കണം. ഞങ്ങളുടെ പൊതുജീവിതം തുറന്ന പുസ്തകമാണ്.
 വിമാനത്തിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും,
 മനപൂർവ്വം സംസ്ഥാനത്ത് കലാമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.

ബഫർസോൺ സംബന്ധിച്ച വിഷയത്തിൽ സർക്കാർ ക്രീയാത്മകമായ ഇടപെടൽ നടത്തിയിട്ടുണ്ട്. തദ്ദേശ വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here