വൈപ്പിൻ: കടലും കടലോരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി മണ്ഡലത്തിൽ സമഗ്രമായി നടപ്പാക്കുതിന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഹൈബി ഈഡൻ എം പി സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്‌തു.

എംഎൽഎ മുൻകയ്യെടുത്ത് വൈപ്പിനിൽ നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വിജയിപ്പിക്കേണ്ടത് രാഷ്ട്രീയ – മത – ജാതി ഭേദമെന്യേ പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. അത് സാംസ്‌കാരിക പരിവർത്തനത്തിന്റെ, അവബോധത്തിന്റെ വിളംബരമാകേണ്ടതുണ്ടെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തീരവും കടലും പ്ലാസ്റ്റിക് കുമിഞ്ഞുകൂടി മനുഷ്യന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രമുഖ തീരമണ്ഡലമായ വൈപ്പിനിൽ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിവലിയ പ്രാധാന്യത്തോടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, രാഷ്ട്രീയ – യുവജന പ്രസ്ഥാനങ്ങൾ, മത – സാമുദായിക സംഘടനകൾ, മത്സ്യത്തൊഴിലാളി സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റെസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങി എല്ലാ സാമൂഹ്യ കൂട്ടായ്‌മകളെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചത്.

ഫിഷറീസ് കോളേജ് മുൻ ഡീൻ ഡോ. കെ എസ് പുരുഷൻ മുഖ്യപ്രഭാഷണം നടത്തി. മഹത്തായ ജൈവമണ്ഡലത്തിന്റെ നിലനിൽപ്പിന് ആധാരമാകുന്ന മഹത്തായ പദ്ധതിക്കാണ് മണ്ഡലത്തിൽ തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരസമൂഹത്തിന്റെ അതിജീവനത്തിന് പദ്ധതി അനിവാര്യമാണെന്നും ഡോ. പുരുഷൻ ചൂണ്ടിക്കാട്ടി.

വൈപ്പിനിലെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് വിശിഷ്‌ട അതിഥിയായി പങ്കെടുത്ത ഫൊക്കാന പ്രതിനിധി പോൾ കറുകപ്പള്ളി പറഞ്ഞു. പ്രകൃതി കനിഞ്ഞരുളിയ സൗഭാഗ്യങ്ങളാണ് മാലിന്യ നിക്ഷേപത്തിലൂടെ നഷ്‌ടമാക്കുന്നത്. തീരത്തിന്റെയും കടലിന്റെയും മനോഹാരിത കളങ്കപ്പെടുത്തുന്നു എന്നുമാത്രമല്ല നിലനിൽപ്പിന്റെ സാധ്യതകളെ പോലും വൻഭീഷണിയിലാക്കുന്നു. ദുരന്തവേളകളിൽ കേരളത്തിന് വലിയ കൈത്താങ്ങായ നോർത്ത് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിന്റെ കൂട്ടായ്‌മയായ ഫൊക്കാന തീര, കടൽ സംരക്ഷണ യഞ്ജത്തിലും പങ്കുവഹിക്കും. പൊതു ഇടങ്ങളിലെ ശുചിത്വത്തിൽ കേരളത്തിലെ പൊതുസമൂഹം കൂടുതൽ നിഷ്‌കർഷ പുലർത്തണം. വ്യക്തി ശുചിത്വത്തിനു പുറമെ പൊതു ഇടങ്ങളിലെ ശുചിത്വത്തിലും മാലിന്യ നിർമ്മാർജ്ജനത്തിലും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളുടെ നിതാന്ത ജാഗ്രതയെക്കുറിച്ചും പോൾ കറുകപ്പള്ളി വിശദീകരിച്ചു.

ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ എം എസ് സാജു, ഡെപ്യൂട്ടി ഡയറക്‌ടർ എസ് ജയശ്രീ, ജൂനിയർ സൂപ്രണ്ട് പി സന്ദീപ് എന്നിവർ പ്രസംഗിച്ചു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ, മറ്റു തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, സാമൂഹ്യ – രാഷ്ട്രീയ മത – സാമുദായിക – തൊഴിലാളി – സാമൂഹ്യ – സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ഫിഷറീസ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പ്രതീഷ് ജി പണിക്കർ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഹൈബി ഈഡൻ എംപി (രക്ഷാധികാരി), കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ (ചെയർമാൻ), എ പി പ്രിനിൽ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലെയും ഉൾപ്പെടുത്തിയാണ് വിപുലമായ സംഘാടക സമിതി രൂപീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here