തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബഫർ സോണിൽ  എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിന്റെ അശ്രദ്ധയും കൂടി ചേർന്നപ്പോൾ ആണ് ബഫർ സോൺ കേരളത്തിന് മുകളിൽ ഇടിത്തീയായി വീണതെന്നും സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

ബഫർ സോൺ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ 2019-ൽ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോൾ ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നത്.

ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ഹർത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫർ സോൺ വിഷയത്തിൽ സർക്കാരിൽ നിന്നുണ്ടായി. സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണം എന്ന് ഫലത്തിൽ കേരളസർക്കാർ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽ ഡി എഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫർസോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല.

സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണമാണ് ഇന്നലെ സ്വപ്ന ഉന്നയിച്ചത്. ഇക്കാര്യത്തിൽ ശക്തമായ സമരം തുടരും. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും.  ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ…സിസിടിവി പരിശോധിക്കണമെന്ന് സ്വപ്ന പറയുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് സിസിടിവി പരിശോധിക്കണം എന്ന് പിണറായിയും പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട പിണറായി ഇപ്പോൾ സിസിടിവി ദൃശ്യം പുറത്തുവിടാൻ തയ്യാറാകുമോ?.: സോളാർ കേസ് വിട്ടതുപോലെ സ്വർണക്കടത്ത് കേസും സിബിഐയ്ക്ക് വിടണം. ഈ കേസ് അണിയറിയിൽ സെറ്റിൽ ചെയ്യുകയാണ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ സെറ്റിൽമെൻറ് നടക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here