ഗുവാഹത്തി/കൊച്ചി: ആസാം സര്‍ക്കാരും സ്‌പൈസസ് ബോര്‍ഡും ചേര്‍ന്ന് ഗുവാഹത്തിയില്‍ ക്വാളിറ്റി ഇവാല്വേഷന്‍ ലബോറട്ടറിയും ട്രെയ്‌നിംഗ് സെന്ററും സ്ഥാപിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. ഗുവാഹത്തിയില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ്വിദിന ബയര്‍ സെല്ലര്‍ മീറ്റും സ്‌പൈസസ് കോണ്‍ക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആസാം മുഖ്യമന്ത്രി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശനകവാടം എന്ന നിലയിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു വരുന്ന ഇടം എന്ന നിലയിലും ആസാമിന് വിളവെടുപ്പിനു ശേഷമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണ വ്യവസായങ്ങളുടേയും ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതിയുടേയും കേന്ദ്രമാകാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പിഎം-ദേവിനെ പദ്ധതി, ഒരു ജില്ല ഒരു പദ്ധതി തുടങ്ങിയവ ഉപയോഗപ്പെടുത്തി ഈ മേഖലയിലെ സുഗന്ധവ്യഞ്ജനക്കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ഒ ലിസ്റ്റു ചെയ്തിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളിലെ 109 എണ്ണത്തില്‍ 75ഉം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉല്‍പ്പാദകരാഷ്ട്രമാണ്. ഇതില്‍ ആസാമിന്റെ പങ്കും വലുതാണ്. നിലവില്‍ വര്‍ഷം തോറും 3.1 ലക്ഷം ടണ്ണാണ് ആസമില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനം.

ഈ മേഖലയിലെ സുഗന്ധവ്യഞ്ജനക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ നൂതനമായ കൃഷിരീതികളും സ്ഥാപനസഹായങ്ങളും ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഹിമാചല്‍ പ്രദേശ് കൃഷിമന്ത്രി ടാഗെ ടാക്കി പറഞ്ഞു.

വടക്കു കിഴക്കന്‍ മേഖലയുടെ തനതായ സുഗന്ധവ്യഞ്ജനങ്ങളുടെ, വിശേഷിച്ചും സിക്കിം വലിയ ഏലം, ആസാം കബ്രി അംഗലോഗ് ഇഞ്ചി, നാഗാ മിര്‍ച, മിസോ ചില്ല, ഹാഥൈ ചില്ലി, ദല്ലെ ഖുസ്രാനി എന്നിവയുടെ കൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ബയര്‍ സെല്ലര്‍ മീറ്റും സ്‌പൈസസ് കോണ്‍ക്ലേവും സംഘടിപ്പിച്ചതെന്ന് സ്വാഗതപ്രസംഗത്തില്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ് പറഞ്ഞു. ഈ മേഖലയിലെ ഉല്‍പ്പാദകരേയും കര്‍ഷകരേയും ആഗോളവിപണികളുമായി ബന്ധിപ്പിക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി 2019-20, 2020-21, 2021-22 വര്‍ഷങ്ങളിലെ ലാര്‍ജ് കാര്‍ഡമം പ്രൊഡക്റ്റിവിറ്റി അവാര്‍ഡുകളും സ്‌പൈസസ് ബോര്‍ഡ് വിതരണം ചെയ്തു. ഈ പ്രദേശത്തു നിന്നുള്ള പത്മശ്രീ ജേതാക്കളായ ട്രിനിറ്റ് സായൂ, നന്ദ്രോ ബി മാരക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായി അമ്പതിലേറെ ബയര്‍മാര്‍ പങ്കെടുത്തു. കോണ്‍ക്ലേവ് ഇന്നു സമാപിക്കും (ജൂലൈ 1).


ഫോട്ടോ – ഗുവാഹത്തിയില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ്വിദിന ബയര്‍ സെല്ലര്‍ മീറ്റും സ്‌പൈസസ് കോണ്‍ക്ലേവും ആസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ ഉദ്ഘാടനം ചെയ്യുന്നു. അരുണാചല്‍ പ്രദേശ് കൃഷി മന്ത്രി ടാഗേ ടാകി, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടരി ഡി സത്യന്‍ ഐഎഫ്എസ്, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍മാരായ ബി എന്‍ ഝാ, എ ബി രമാശ്രീ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here