തിരുവനന്തപുരം: സ്വപ്‌ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഷാര്‍ജ ഭരണാധികാരിയുടെ രാജ്ഭവനിലേക്കുള്ള വാഹനവ്യൂഹം വഴിതെറ്റിച്ച് ക്ലിഫ് ഹൗസില്‍ കൊണ്ടുപോയി എന്ന ആരോപണം ഗുരുതരമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തി, മുഖ്യമന്ത്രിയുടെ ബാഗ് നയതന്ത്ര ചാനലിലുടെ കൊണ്ടുപോയി എന്നീ ആരോപണങ്ങളിലും അന്വേഷണം വേണം. നിയമസഭയുടെ മീഡിയ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. അദ്ദേഹം നിയമസഭയില്‍ കള്ളം പറഞ്ഞിരിക്കുന്നു. മകളുടെ കമ്പനിയുടെ മെന്റര്‍ ആയി പിഡബ്ലൂസി ഡയറക്ടര്‍ പ്രവര്‍ത്തിച്ചില്ല എന്ന അദ്ദേഹത്തിന്റെ വാദം കളവാണെന്ന് തെളിഞ്ഞു. യുഎഇ യാത്രയില്‍ ബാഗ് മറന്നുവച്ചിട്ടില്ലെന്നും നയതന്ത്ര ചാനലിലൂടെ ബാഗ് കൊണ്ടുപോയിട്ടില്ലെന്നും നിയമസഭയില്‍ പറഞ്ഞതും കളവാണ്.

ഉമ്മന്‍ ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ ഇപ്പോള്‍ അത് കാണിക്കാന്‍ തയ്യാറാകണം. കേരളത്തിലെ ജനങ്ങളുടെ ഹെല്‍ത്ത് ഡാറ്റ വിദേശ കമ്പനിക്ക് വിറ്റുവെന്ന കാര്യം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നതാണ്. ഓരോ ഡാറ്റയും യു.കെയില്‍ എത്ര പൗണ്ടിനാണ് വിറ്റതെന്നും വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here