തിരുവനന്തപുരം:  എ കെ ജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ . തൻറെ തിരക്കഥയാണ് എ കെ ജി സെൻറർ ആക്രമണമെന്ന കെ സുധാകരൻറെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് കോൺഗ്രസ് ആക്രമിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. അവർ അങ്ങനെ കരുതിയാകും അക്രമം നടത്തിയത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.എ കെ ജി സെൻറർ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.

എകെജി സെന്ററിനെതിരെ നടന്നത് ബോബേറാണ്. ഈ ബോംബെറ് ആസൂത്രിതമാണ്. ഇതിന പിന്നിൽ കോൺഗ്രസുകാരാണ്. എകെജി സെൻററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു. കോൺഗ്രസുകാർ  മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാൻ പോയവരാണ്. വിമാനത്തിൽ കണ്ടതും ഈ തരത്തിലുള്ള പ്രതിഷേധം ആണെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.

ഇന്നലെ രാത്രിയിൽ എ കെ ജി സെൻററിന് നേരെ ആക്രമണം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആണ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ എ വിജയരാഘവനും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവർ ഈ ആരോപണം ആവർത്തിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാക്കൾ എങ്ങനെയാണ്, എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് കോൺഗ്രസുകാരാണ് പ്രതികളെന്ന് ആരോപിക്കുന്നതെന്നാണ് നേതാക്കളുടെ മറുചോദ്യം. തെളിവുണ്ടെങ്കിൽ അത്  വ്യക്തമാക്കാനും ആവശ്യപ്പെട്ടു. എല്ലാ വശത്തും സി സി ടി വി ക്യാമറയുള്ള എ കെ ജി  സെൻററിൽ അക്രമം നടത്തിയ പ്രതിയെ  കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തതിനേയും കോൺഗ്രസ് വിമർശിച്ചു.

എകെജി സെൻററിനെതിരായ ആക്രമത്തിന് പിന്നിലെ തിരക്കഥ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻറെതാണെന്നും കോൺഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എം പി പറഞ്ഞു. അക്രമത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു.  അക്രമത്തിൻറെ മുൻപന്തിയിൽ എന്നും സിപിഎമ്മാണുള്ളതെന്നും  കോൺഗ്രസല്ലെന്നും സുധാകരൻ പറഞ്ഞു

എന്ത് അക്രമം നടത്താനും സിപിഎമ്മിന് തിരുവനന്തപുരത്ത് ഗുണ്ടകളും  സംവിധാനമുണ്ട്. രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനത്തിൻറെ  പ്രാധാന്യം കുറയ്ക്കുകയായിരുന്നു സിപിഎമ്മിൻറെ ലക്ഷ്യം. രാഹുൽ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിൻറെ ഓഫീസ് എസ് എഫ് ഐക്കാർ തകർത്തതിന് ശേഷം ആദ്യമായി എത്തുമ്പോൾ അതിൻറെ പ്രസക്തി തകർക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുയെങ്കിൽ അവരാണ് മണ്ടൻമാർ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അക്രമത്തിൻറെ ഉത്തരവാദിത്തം കോൺഗ്രസിൻറെ തലയിൽ കെട്ടിവെയ്ക്കുന്നത്, അക്രമം നേരിൽ കണ്ട് ബോധ്യംവന്നത് പോലെയാണ്.
 
എ കെ ജി സെൻററിന് ചുറ്റും സിസിസി ടിവി സുരക്ഷയുണ്ട്. അതിലൊന്നും മുഖം പെടാതെ ഒരു വ്യക്തി അക്രമം നടത്തി പോകണമെങ്കിൽ അയാൾക്ക്  എകെജി സെൻററുമായി പരിചയമുള്ള ആളാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് വന്ന  അക്രമ ദൃശ്യങ്ങളിൽ പ്രതികളെ വ്യക്തമല്ല. അപ്പോഴാണ്  ഇപി ജയരാജൻ അക്രമം നടന്ന് സെക്കൻറുകൾക്കുള്ളിൽ അത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിക്കുന്നത്.  വിമാനത്തിലെ പ്രതിഷേധത്തിന് കഥയും തിരക്കഥയും ഉണ്ടാക്കിയ വ്യക്തിയാണ് ഇപി ജയരാജൻ.  രാഹുൽ ഗാന്ധിയുടെ കേരള പര്യടനത്തിൻറെ മഹത്വം കുറയ്ക്കാൻ ഇപി ജയരാജൻറെ അറിവോടെ നടന്ന അക്രമണമാണിതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here