
ഹൃദ്രോഗത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതി ചികിൽസ ലഭിക്കാതെ മുക്കാൽ മണിക്കൂർ ആംബുലൻസിൽ കിടന്നശേഷം മരിച്ചു. ചെങ്ങന്നൂർ, വെൺമണി, പുന്തല, കുറ്റിക്കാട്ടുമണ്ണിൽ സുരേഷിന്റെ ഭാര്യ എം. ബിന്ദു (38) ആണ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ മരിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഇവരെ നോക്കാൻ തയാറായില്ലെന്നാണ് ആരോപണം.
തീവ്രപരിചരണവിഭാഗം അടച്ചിട്ടിരിക്കുകയാണെന്നും അതിനാൽ ഡ്യൂട്ടി ചീഫിനെ ഫോണിൽ ബന്ധപ്പെടാനും നിർദേശിച്ച് ഇവർ ഫോൺ നമ്പർ നൽകി. ഈ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നത്രേ.
ബിന്ദു ഏറെക്കാലമായി ഹൃദ്രോഗത്തിനു ചികിൽസയിലായിരുന്നു. ട്യൂമറും പ്രമേഹവും അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നു രോഗം ഗുരുതരമായതോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെന്റിലേറ്ററിലേക്കു മാറ്റി. എന്നാൽ ചികിൽസാ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. തീവ്രപരിചരണ സൗകര്യമുള്ള ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടെയാണു ബിന്ദുവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്നത്. ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പം ആംബുലൻസിൽ പുരുഷ നഴ്സ് ബിനോയിയും ഉണ്ടായിരുന്നു.
ഉച്ചയോടെയാണ് ആംബുലൻസ് കോട്ടയത്ത് എത്തിയത്. ആശുപത്രിക്ക് ഏതാനും കിലോമീറ്റർ അകലെ എത്തിയപ്പോൾ ബിന്ദുവിന്റെ ആരോഗ്യനില മോശമായതായി ബന്ധുക്കളെ നഴ്സ് അറിയിച്ചു. 1.20ന് ആംബുലൻസ് അത്യാഹിത വിഭാഗത്തിനു മുന്നിലെത്തി. സുരേഷും സഹോദരൻമാരും ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തി വിവരം അറിയിച്ചു. എന്നാൽ ഡ്യൂട്ടി ഡോക്ടർ എത്തിയില്ല.
ബിന്ദുവിന്റെ ആരോഗ്യനില മോശമാകുന്നതു കണ്ടു നഴ്സ് ഒട്ടേറെത്തവണ ബന്ധുക്കളെ അത്യാഹിത വിഭാഗത്തിലേക്ക് അയച്ചുവെങ്കിലും ഒരു ഭിത്തിക്ക് അപ്പുറത്തുള്ള അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ കിടന്ന രോഗിയെ പരിശോധിക്കാൻ ഡോക്ടർ തയാറായില്ലത്രേ. ബിന്ദു ആംബുലൻസിൽ വച്ചുതന്നെ മരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ മൂന്നു ഡോക്ടർമാരും എത്തിയതായും ബന്ധുക്കൾ പറയുന്നു. തുടർന്നു ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ബന്ധുക്കൾക്ക് ഉറപ്പുനൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു മരണം നടന്നതിനാൽ പോസ്റ്റ്മോർട്ടം വേണമെന്ന് അത്യാഹിത വിഭാഗം ഡോക്ടർമാർ നിലപാട് എടുത്തു. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകാനാവില്ലെന്നും അല്ലാത്തപക്ഷം രോഗി ചികിൽസയിലായിരുന്നതായും പരാതിയില്ലെന്നുമുള്ള വെൺമണി പൊലീസിന്റെ റിപ്പോർട്ട് ഹാജരാക്കാനും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
വെന്റിലേറ്റർ സഹായത്തോടെ രോഗിയെ കൊണ്ടുവരുന്ന വിവരം നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർമാരുടെ വിശദീകരണം. മക്കൾ സുബി, സിബി.