കൊച്ചി: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന സിപിഎം വാദം ഏറ്റുപിടിക്കാതെ സി പി ഐ നേതൃത്വം. സംഭവത്തിന്  പിന്നിൽ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ആക്രമണത്തിനു  പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജൻ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകുമെന്നും കോൺഗ്രസാണ് ആക്രമിച്ചതെന്ന് സിപിഐക്ക്  ആരോപണമില്ല, അറിവുമില്ല… കാനം പറഞ്ഞു. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം കൂട്ടിച്ചേർത്തു.

കേരളത്തിൽ കലാപം ഉണ്ടാക്കാൻ പോകുന്നു എന്ന് കെ.ടി.ജലീൽ പറഞ്ഞതിന് പിന്നാലെ രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടുവെന്ന് എം.കെ.മുനീർ. എകെജി സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. മുൻകൂട്ടി അറിഞ്ഞു കൊണ്ടുള്ള ആക്രമണമാണ് ഇതെന്നും മുനീർ ആരോപിച്ചു. ആർക്കും പരിക്കില്ലാതെ നല്ല രീതിയിൽ വന്ന് പൊട്ടിയ ബോംബ് ഏതെന്ന് അന്വേഷിക്കണം. വീണ്ടും വീണ്ടും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും മുനീർ പറഞ്ഞു. കലാപം ഉണ്ടാക്കുമ്പോൾ സ്വപ്നയുടെ കഥയാണ് വിസ്മരിക്കപ്പെടുന്നത്. സ്വപ്നയ്‌ക്കെതിരെ ഒരു മാനനഷ്ട കേസ് എങ്കിലും മുഖ്യമന്ത്രി കൊടുത്തോ എന്നും മുനീർ ചോദിച്ചു

എകെജി സെന്ററിനെതിരെ ആക്രമണം നടത്തിയവർ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്നായിരുന്നു  മന്ത്രി എം.വി.ഗോവിന്ദന്റെ പ്രതികരണം.  കെ സുധാകരനും അനുചരന്മാരും ഗുണ്ടാ സംഘങ്ങൾക്ക് പരിപൂർണ പിന്തുണ നൽകുന്നു. സംഭവം ഇ.പി.ജയരാജൻ ആസൂത്രണം ചെയ്തത് എന്ന കെ.സുധാകരന്റെ ആരോപണം മറുപടി അർഹിക്കുന്നില്ല.അപാരമായ തൊലിക്കട്ടിയുള്ളയാളാണ് സുധാകരൻ എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം. എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ കോൺഗ്രസ് ദേശീയ നേതാവായ രാഹുൽ ഗാന്ധി അപലപിക്കണമായിരുന്നു. അതിന് തയ്യാറാവാത്തത് ദൗർഭാഗ്യകരമെന്നാണ്  മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത്. സംസ്ഥാനത്തെ  കോൺഗ്രസ് നേതൃത്വം അപലപിക്കാത്തതിൽ അത്ഭുതമില്ല. ബിജെപി ഓഫീസ് അടച്ചു പൂട്ടി, കെ പി സി സി ഓഫീസിനോട് ചേർക്കുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു. എ കെ ജി സെന്റർ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പൊലീസ് മികച്ചതാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here