കൊച്ചി :  സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്ന പ്രശ്നമാണ് ലഹരി എന്നും ഇതിനെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനവും മാസ്റ്റർ വൊളന്റിയർ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയെ ലഹരി മുക്തമാക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്നും കളക്ടർ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ വാരാചരണത്തിന് സമാപനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും കളക്ടർ  പറഞ്ഞു. ചടങ്ങിൽ  ജില്ലാ വികസന കമ്മീഷ്ണർ എ ഷിബു അധ്യക്ഷത വഹിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ കെ ഉഷ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എൻ ടി പ്രീതി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം വി സ്മിത തുടങ്ങിയവർ സംസാരിച്ചു.

ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള മാസ്റ്റർ വൊളന്റിയർ പരിശീലന പരിപാടിയിൽ സബ് ജഡ്ജും
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ രഞ്ജിത്ത് കൃഷ്ണൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അസി. പ്രൊഫസർ ഡോ. കെ.പി ലക്ഷ്മി എന്നിവർ  ക്ലാസുകൾ നയിച്ചു. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും ഉൾപ്പടെ നൂറോളം വൊളന്റിയർമാർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here