കൊച്ചി : ഒരു വർഷത്തിനകം എറണാകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ്തലം മുതൽ കളക്ടറേറ്റ് വരെ ഇ- ഓഫീസ് സംവിധാനത്തിലേക്ക് സമ്പൂർണ്ണമായി മാറുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കാക്കനാട് കളക്ടറേറ്റിൽ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാരുടേയും ഡെപ്യൂട്ടി തഹസിൽദാർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജ്തല ജനകീയ സമിതികൾ എല്ലാ മാസവും കൂടുന്നെന്ന് ഉറപ്പു വരുത്തണം. റവന്യൂതല ഇ-സാക്ഷരതയുടെ പ്രധാന ആയുധമായിരിക്കണം വില്ലേജ്തല ജനകീയ സമിതികൾ. വില്ലേജുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാകുന്നതിന് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ജനുവരി മാസത്തിന് മുൻപായി ഡിജിറ്റൽ റീ സർവേ നടപടികൾ പൂർത്തിയാക്കണം. ജോലിയിൽ വീഴ്ച വരുത്തുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫയലുകൾ ആത്യന്തികമായി തീർപ്പാക്കുന്ന അദാലത്തുകളായി ഫയൽ തീർപ്പാക്കൽ യജ്ഞം മാറണമെന്നും മന്ത്രി നിർദേശിച്ചു.
ജില്ലാ കളക്ടർ ജാഫർ മാലിക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ വികസനകാര്യ കമ്മീഷ്ണർ എ.ഷിബു, സബ് കളക്ടർ പി.വിഷ്ണു രാജ്, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.
Now we are available on both Android and Ios.