തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ പി സി ജോർജ് മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചാണ് രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ, മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജോർജ് ഉന്നയിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു ജോർജിൻറെ ആരോപണം. ഹാരിസിൻറെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോർജ്, മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നും ജോർജ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് പി സി ആവശ്യപ്പെട്ടു. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിൻറെ ഇടപാടുകൾക്കെതിരെയും ആരോപണമുയർത്തി. ഒരിടവേളക്ക് ശേഷം ഫാരിസ് അബൂബക്കറിലേക്ക് ആരോപണങ്ങളുടെ മുന നീട്ടിയ ശേഷമാണ് ജോർജ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങിയതെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിലും കൂടുതൽ ആരോപണങ്ങളുമായി പി സി രംഗത്തെത്തിയേക്കും.

അതേസമയം ദൈവത്തിന് നന്ദിയെന്നായിരുന്നു പി സി ജോർജിൻറെ ആദ്യ പ്രതികരണം. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു കൊണ്ടായിരുന്നു പി സി ജോർജിൻറെ ആദ്യ പ്രതികരണം. പിന്നാലെ മാധ്യമപ്രവർത്തകയോട് നേരത്തെ മോശമായി പെരുമാറിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോർജ് അറിയിച്ചു.

അറസ്റ്റിലായതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു പി സി ജോർജ്. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പി സി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതിനാണ് മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here