തിരുവനന്തപുരം: കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വിമാന യാത്രാവിലക്ക് നിലവിൽ വന്നതോടെ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇൻഡിഗോ സ്വീകരിച്ചത് വളരെ തെറ്റായ നിലപാടാണ്. ക്രിമിനലുകൾക്ക് ഇൻഡിഗോ സംരക്ഷണം നൽകി, മുഖ്യമന്ത്രിക്കെതിരെ ആക്രമണം തടഞ്ഞ ശരിയായ നില സ്വീകരിച്ചവരെ യാത്രചെയ്യാൻ വിലക്കി.’ ജയരാജൻ പറഞ്ഞു.

താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെന്നും കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടിപ്പോകും എന്നും ജയരാജൻ പ്രതികരിച്ചു. ഇൻഡിഗോ വിമാനത്തിൽ കണ്ണൂരേക്ക് പോകാനിരുന്നതാണെന്നും ആ പണം താൻ തിരികെവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. ഇന്ത്യൻ എയർ സർവീസിനെ സംബന്ധിച്ചും ഇൻഡിഗോ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു.

ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്കും വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കും ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. ഇവരെ ജയരാജൻ തള്ളിയിടുകയായിരുന്നു.

‘സംഭവം വസ്‌തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്. അവർ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.’ എന്നായിരുന്നു നടപടിയിൽ ജയരാജന്റെ ആദ്യ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here