രാജേഷ് തില്ലങ്കേരി

കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പ്രഖ്യാപിച്ച കെ റെയിൽ പാളം തെറ്റുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ആവശ്യമാണെന്നും, അനുമതിയില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നുമുള്ള മുഖ്യയുടെ തണുപ്പൻ മട്ടിലുള്ള പ്രസ്താവനയോടെ പദ്ധതി അവസാനിപ്പിക്കുന്നതിന്റെ സൂചനയാവുകയാണ്.  

എന്തുവന്നാലും കെ- റെയിൽ പദ്ധതി നടപ്പാക്കുമെന്നും ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രിയും അനുചരന്മാരുടെയും ശബ്ദത്തിന് അത്ര ഗാംഭീര്യമില്ല. പഴയ ശൗര്യവുമില്ലെന്നതും ശ്രദ്ധേയമാണ്.  കേന്ദ്രസർക്കാർ അനുമതി നൽകിയാലെ കെ റെയിലിന് മുന്നോട്ടുപോവാൻ കഴിയൂ എന്നാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നു പറഞ്ഞാൽ ചുവന്ന സിഗ്നലാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്ന് വ്യക്തം.
സിൽവർ ലൈനിന്റെ കല്ലു പറിച്ചാൽ പല്ലുണ്ടാവില്ലെന്നൊക്കെ പ്രഖ്യാപിച്ച സി പി എം നേതാക്കളും, എൽ ഡി എഫ് ക്ൺവീനറും ഇപ്പോൾ മൗനത്തിലാണ്.

സിൽവർലൈൻ സ്ഥാപനവുമായി സാമൂഹികാഘാത പഠനം നടത്താനും, സർവ്വെകല്ലുകൾ സ്ഥാപിക്കാനുമൊക്കെയായി സർക്കാർ കൈക്കൊണ്ട തീരുമാനം ഏറെ വിമർശിക്കപ്പെട്ടിരുന്നു. പ്രതിഷേധങ്ങളിൽ പൊലീസ് നടത്തിയ ഇടപെടലും വ്യാപകമായ അക്രമവും സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോഴിക്കോടും , കോട്ടയത്തുമൊക്കെ അരങ്ങേറിയ സമരവും സമരത്തെ നേരിട്ട രീതിയും പരക്കെ കടുത്ത എതിർപ്പിന് കാരണമായി. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെ റെയിൽ മുഖ്യവിഷയമായി ഉയർത്തിക്കാട്ടിയിരുന്നു.

സമരങ്ങളുടെ വേലിയേറ്റ കാലത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ  കെ റെയിൽ കുറ്റി സ്ഥാപിക്കൽ താല്കാലികമായി നിർത്തിവച്ചു. അപ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോവുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

കേന്ദ്രസർക്കാർ അനുമതി വേണ്ട പദ്ധതിയാണ് ഇതെന്ന് വ്യക്തമായി അറിയാവുന്നതാണ് മുഖ്യമന്ത്രിയും കൂട്ടാളികളും. പദ്ധതിക്ക് കേന്ദ്ര അനുമതിയുണ്ടെന്നായിരുന്നു ഭരണകക്ഷിക്കാർ വാദിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭം ശക്തമായതോടെ കെ റെയിൽ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാറിനും വ്യക്തമാക്കേണ്ടിവന്നു. ബഫർസോൺ വിഷയത്തിലടക്കം വലിയ ഒളിച്ചുകളിയായിരുന്നു തുടക്കം മുതൽ സർക്കാർ നടത്തിയിരുന്നത്.
ജനങ്ങളെ ആകമാനം വെല്ലുവിളിച്ചുകൊണ്ടായിരുന്നു സർവ്വേ നടപടികൾ ആരംഭിച്ചത്. കേരളത്തിലെ പാരിസ്ഥിക മേഖലയ്ക്ക് വലിയ തരിച്ചടിയുണ്ടാക്കുന്നതാണ് പദ്ധതിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ള വിവിധ സംഘടനകൾ ശക്തമായ നിലപാട് സ്വീകരിച്ചു. മേധാ പട്ക്കറെ പോലുള്ള പരിസ്ഥിതി പ്രവർത്തകർ ശക്തമായ നിലപാടാണ് കെ റെയിലിനെതിരെ സ്വീകരിച്ചത്.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സമരവുമായി രംഗത്തുവന്നപ്പോൾ സമരത്തിനെതിരെ പരിഹാസവുമായി രംഗത്തുവന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇപ്പോൾ പത്തിമടക്കുകയാണ്. പൊലീസ് സംവിധാനം ഉപയോഗിച്ച് സർവ്വേ നടത്താനും, ബലം പ്രയോഗിച്ച് കുറ്റിനാട്ടാനും സർക്കാർ എന്തിനായിരുന്നു ഇത്രയും ധൃതികാണിച്ചതെന്ന് ആർക്കും വ്യക്തമല്ല.

പാരിസ്ഥിക അനുമതിയടക്കം വിവിധതരം അനുമതി ആവശ്യമായ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഇതേക്കുറിച്ച് കൂടുതൽ കൂടിയാലോചനകൾ നടത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്ന ചോദ്യത്തിന് ഇപ്പോഴും മൗനമാണ്. ഇത് പദ്ധതിക്ക് പിന്നിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
സിൽവർലൈൻ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നും പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും യു ഡി എഫ് ഒരു വർഷം മുൻപുതന്നെ യു ഡി എഫ് ആവശ്യമുന്നയിച്ചതാണ്.
കഴിഞ്ഞ വർഷം ഇതേ സമയത്താണ് കെ റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മുൻമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഡോ എം കെ മുനീർ ചെയർമാനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്. കമ്മിറ്റി റിപ്പോർട്ട് നവംബറിൽ യുഡിഎഫിന് സമർപ്പിച്ചു, ഒരു കാരണവശാലും പ്രായോഗികമല്ലാത്ത പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സാമ്പത്തികമായും പാരിസ്ഥിതകമായും ഏറെ പ്രത്യാഘാതങ്ങളുളവാക്കുന്നതാണ് പ്രസ്തുത പദ്ധതിയെന്നുമായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന്  എൽ ഡി എഫ് സർക്കാർ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബദ്ധപ്പെട്ട രേഖകളെല്ലാം രഹസ്യമാക്കി വെക്കാനും സർക്കാർ തീരുമാനിച്ചു. ബഫർസോൺ അടക്കമുള്ള വിഷയങ്ങളിലാണ് സർക്കാർ ഒളിച്ചു കളിനടത്തിയത്.

കുറ്റിപറിക്കൽ സമരം ശക്തമായതോടെയാണ് സർക്കാർ ബഫർസോൺ വിഷയത്തിൽ വ്യക്തത വരുത്താൻപോലും തയ്യാറായത്. ഏകപക്ഷീയമായ രീതിയിൽ കേരളത്തിൽ വലിയൊരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് എന്തിനാണെന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാവുന്നത്. കുറ്റിയടിക്കൽ പോലുള്ള കലാപരിപാടികൾ എന്തിനാണ് നടത്തിയത്. ഉപഗ്രഹ സർവ്വേ നടത്താമെന്നിരിക്കെ ജനങ്ങളെ ഏറെ ആശങ്കയിലാക്കിയുള്ള സർവ്വേ ആഘോഷത്തിന്റെ പൊരുളും ആർക്കും വ്യക്തമല്ല. ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവച്ചിരിക്കയാണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഇപ്പോഴും സർക്കാർ വ്യക്തമാക്കുന്നത്. സർക്കാർ കുറ്റിനാട്ടിയ ഇടങ്ങളെല്ലാം സ്മാരകങ്ങളായി മാറും, സർവ്വേ നടത്തിയ ഭൂമികളൊന്നും ഇനി കൈമാറ്റം ചെയ്യാൻ കഴിയില്ല. അവർക്ക് നഷ്ടപരിഹാരവും കിട്ടില്ല, കെ റെയിലും വരില്ല. പാവപ്പെട്ട ജനത്തിന് വീണ്ടും കരുക്കായി എന്ന് വ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here