തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപതുക തിരികെ നൽകാൻ കഴിയാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് സർക്കാർ. സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതൽ വൻ തുകയ്ക്ക് വരെ നിക്ഷേപങ്ങൾ സ്വീകരിച്ച സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്.

ഇരിഞ്ഞാലക്കുട കരുവന്നൂർ ബാങ്കിൽ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഏറ്റവും അധികം സംഘങ്ങളുള്ളത്  തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങൾ തലസ്ഥാന ജില്ലയിൽ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.

പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങൾ കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 15 വീതവും ഉണ്ട്. കോട്ടയത്ത് ഇരുപത്തിരണ്ടും തൃശ്ശൂരിൽ പതിനൊന്നും മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച്  നിക്ഷേപകർക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിൽ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതൽ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവർ യഥാസമയം തിരിച്ചടക്കാത്തത് വരെ പ്രതിസന്ധിക്ക് കാരമാണ്. സമഗ്ര സഹകരണ നിയമം വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here