രാജേഷ് തില്ലങ്കേരി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കാൻ  പഠിക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ മുന്നറിയിപ്പ്. എന്നു പറഞ്ഞാൽ സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും, ട്രഷറി കാലിയായതിനാൽ വികസന പ്രവർത്തനങ്ങൾ പലതും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അത് പൊതു ജനങ്ങളായ കഴുതകളുടെ കാര്യമാണെന്നും മന്ത്രിമാർക്കും എം എൽ എമാർക്കും ഇതൊന്നും ബാധകമല്ലെന്നും പിന്നീട് സർക്കാർ കൂട്ടിച്ചേർക്കുകയാണ്.

മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കിരാപ്പോൾ. ട്രഷറി വറ്റിയിരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് മൂന്നു കാറുകൾ വാങ്ങാൻ തീരുമാനിച്ചതൊന്നും ആർക്കും പരാതിയുണ്ടായിരുന്നില്ല. കാർ ആവശ്യമല്ലേ, പിന്നെ എങ്ങിനെ മുഖ്യമന്ത്രി നാട്ടിലൂടെ സുരക്ഷിതമായി യാത്രചെയ്യും, സമയത്തിന് എങ്ങിനെ ഓടിയെത്തും ഉദ്ഘാടനങ്ങൾ, തറക്കല്ലിടൽ തുടങ്ങിയ കലാപരിപാടികൾ പിന്നെ എങ്ങിനെ കൃത്യസമയത്ത് നടത്തും തുടങ്ങി നിരവധി ചോദ്യങ്ങൾക്കുമുന്നിൽ നമ്മളും തകർന്നുപോവും.

പാർട്ടിക്കാരായ പാർട്ടിക്കാരെ മുഴുവൻ കുത്തിനിറച്ച് പ്രൈവറ്റ് സെക്രട്ടറിമാരെയും, മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും കൊണ്ട് തലസ്ഥാന നഗരിയിലൂടെ വഴി യാത്രപോലും ദുസ്സഹകമായിരിക്കെയാണ്. ഒരു മന്ത്രിക്ക് 25 സ്റ്റാഫിനെ വരെ നിയമിച്ചുകൊണ്ടാണ് സർക്കാർ സ്വന്തം ചിലവ് നിയന്ത്രിച്ചത്. രണ്ടര വർഷം പൂർത്തിയായാൽ എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിന് ആജീവനാന്തകാലം പെൻഷെൻ കൊടുക്കുന്ന വിചിത്രമായൊരു ഏർപ്പാടും കേരളത്തിൽ നിലനിൽക്കുന്നുണ്ട്.
അതിനാലാണ് പാർട്ടിക്കാരെ തോട്ടക്കാരനായും അരിവെപ്പുകാരനായും പട്ടിയുടെ ട്രെയിനറായും ഡ്രൈവറായുമൊക്കെ നിയമിക്കുന്നത്. പാർട്ടിക്കാർക്ക് പെൻഷനോടെ തുടർന്ന് ജീവിക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ ലക്ഷങ്ങളാണ് സർക്കാർ ഇപ്പോൾ തന്നെ ചിലവഴിക്കുന്നത്.

പ്രത്യേകിച്ച് ഒരു പരിപാടിയുമില്ലാത്ത ചീഫ് വിപ്പിനുമുണ്ട് 18 സ്റ്റാഫ്. ചീഫ് വിപ്പിന് പോലും ചുമതലകളൊന്നും ഇല്ലെന്നിരിക്കെ എന്തിനാണ് ഇത്രയും സ്റ്റാഫിനെ നിയമിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ ഇതൊക്കെയല്ലേ ഒരു വിനോദം എന്ന മട്ടിലാണ് മറുപടി. ഭരണ ഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പണിപോയ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളെ വീതം വെക്കുന്ന ഒരു പരിപാടി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അരങ്ങേറുകയുണ്ടായി. മുഹമ്മദ് റിയാസിനെ പോലുള്ള മന്ത്രിക്ക് അങ്ങിനെ 30 സ്റ്റാഫുകളെ തികയ്ക്കാൻ പറ്റി. ഒരു മന്ത്രിരാജിവച്ചാൽ ആ മന്ത്രിയുടെ സ്റ്റാഫിനെ സംരക്ഷിക്കാതെ പെരുവഴിയിലാക്കാൻ പറ്റുമോ എന്നാണ് പാർട്ടി നേതാക്കളുടെ ചോദ്യം.

ആരെയും പെരുവഴിയിൽ ആക്കരുത്. പറ്റുമെങ്കിൽ ഒരു പഞ്ചായത്തിൽ ഒരു സ്റ്റാഫ് എന്ന നിലയിൽ നിയമനം ആവാം. പക്ഷേ, ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ വിഴുങ്ങുന്ന പരിപാടി നിർത്തിയിട്ട്, പാർട്ടി സ്വന്തം ചിലവിൽ ആളെ വെക്കണം.

മന്ത്രിമാർ എന്തിനാണ് ഉദ്ഘാടനം, കല്ലിടീൽ എന്നൊക്കെ പറഞ്ഞ് കേരളത്തിൽ തലങ്ങും വിലങ്ങും ഇങ്ങനെ ഓടുന്നതെന്ന് ഇതുവരെയും ആർക്കും പിടുത്തം കിട്ടാത്തതാണ്. മന്ത്രി കല്ലിട്ടില്ലെങ്കിൽ പാലം പണിയാൻ എന്തെങ്കിലും തടസമുണ്ടോ. മന്ത്രി നാടമുറിച്ചില്ലെങ്കിൽ പാലവും കെട്ടിടവും പ്രവർത്തിപ്പിക്കാൻ പറ്റില്ലെ. ഇനി അങ്ങിനെ ഒരു നിർബന്ധമുണ്ടെങ്കിൽ ഓൺലൈനായി ചെയ്യാൻ പാടില്ലേ. കൊവിഡ് കാലത്ത് അതല്ലേ ഇവിടെ നടന്നത്. ആർക്കും ഒരു പരാതിയും ഉണ്ടായില്ലല്ലോ.

മന്ത്രിമാർക്കും , എം എൽ എ മാർക്കും ശമ്പളം കൂട്ടാനുള്ള ശുപാർശ അംഗീകരിക്കാൻ എല്ലാ പാർട്ടിക്കാർക്കും സന്തോഷമായിരിക്കും. അതിന് ഭരണ പക്ഷമെന്നോ, പ്രതിപക്ഷ മെന്നോ ഒരു വ്യത്യാസവും കാണില്ല. കോടികൾ മുടക്കിയാണ് എം എൽഎ യും മന്ത്രിയുമൊക്കെ ആവുന്നത്. ചിലവ് കൂടുന്നതിന് അനുസരിടച്ച് വരവില്ല എന്നാണ് എല്ലാവരുടെയും പരാതി.

2018 ൽ എം എൽ എക്ക് അറുപതും, മന്ത്രിക്ക് തൊണ്ണൂറായിരവുമായിരുന്നു മാസവേതനം. അത് മിനിമം പ്രതിമാസം ഒരു എൺപതിനായിരവും മന്ത്രിക്ക് ഒരു ലക്ഷത്തി ഇരുപതിനായിരവും ആക്കണമെന്നാണ് ആഗ്രഹം. കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. സ്വന്തം കാര്യമല്ലേ, അതിനൊന്നും ആർക്കും എതിരഭിപ്രായം കാണില്ലന്നേ. വികസനമാണല്ലോ സർക്കാർ നയം, നാടെന്തായാലും വികസിക്കാനൊന്നും സാധ്യതയില്ല. എന്നാപ്പിന്നെ മന്ത്രിമാരും എം എൽ എമാരും അവരുടെ ശിങ്കിടികളും വികസിക്കട്ടെ….

ഉറപ്പാണ് മന്ത്രിമാരുടെ ശമ്പളം വർദ്ധിപ്പിക്കും,  ഉറപ്പാണ് നാട്ടുകാർ മണ്ടന്മാരാവും….

LEAVE A REPLY

Please enter your comment!
Please enter your name here