തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതികള്‍ക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണമെന്ന് സി.പി.എം. കേരളത്തിന്റെ വികസനത്തിന്‌ വമ്പിച്ച സംഭാവനയാണ്‌ സഹകരണ പ്രസ്ഥാനം നല്‍കിയിട്ടുള്ളത്‌. ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

 

കേരളത്തിന്റെ സമസ്‌ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വമ്പിച്ച സേവനങ്ങളാണ്‌ സഹകരണ സ്ഥാപനങ്ങൾ നല്‍കുന്നത്‌. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്‌. അത്രത്തോളം തന്നെ വായ്‌പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ചുണ്ട്.

 

സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം ആഗോളവല്‍ക്കരണ നയങ്ങളാരംഭിച്ചതോടെ രാജ്യത്ത്‌ സജീവമായതാണ്‌. രാജ്യത്തിന്റെ ധനകാര്യ മേഖല ധനമൂലധന ശക്തികള്‍ക്ക്‌ വിട്ടുകൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ്‌ ഇതിന്റെ പിന്നിലുള്ളത്‌.

 

നോട്ട്‌ നിരോധനത്തിന്റെ കാലത്തും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ്‌ അതിന്‌ തടസ്സമായി നിന്നത്‌. സംസ്ഥാനത്തിന്റെ വിഷയമായ സഹകരണ മേഖലയില്‍ നിയമമുണ്ടാക്കുന്ന ഇടപെടലും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഇവയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ്‌ കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട്‌ പോകുന്നത്‌.

 

സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്‌. ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക്‌ നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ ശരിയായ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട് -സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here