തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറയുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ മാസം 10 വരെ 137.5 അടിയാണ് റൂള്‍ കര്‍വ്. നിലവില്‍ 134.85 അടിയാണ് ജലനിരപ്പ്. അതുകൊണ്ടുതന്നെ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമില്ല. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നലെ വൈകീട്ട് വരെ 2406 ക്യുസെക്‌സ് ജലമാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. 1867 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. അതുകൊണ്ടുതന്നെ കാര്യമായ ജലം സംഭരിക്കപ്പെടുന്നില്ല.

 

കഴിഞ്ഞ വര്‍ഷം ഇതേസമയം 136.3 അടിയായിരുന്നു. ഇക്കുറി അണക്കെട്ടിലെ ജലനിരപ്പ് അത്രയും ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ 2375.53 അടി വെള്ളമാണ് ഇടുക്കിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലടിയില്‍ അധികം ജലം ഇക്കുറി കൂടുതലായുണ്ട്. 1012.565 ദശലക്ഷ ഘന മീറ്റര്‍ ജലം ആണുള്ളത്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം മാത്രമാണ് ഇത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഈ മാസം 10 വരെ 2383 അടിയാണ് റൂള്‍ കര്‍വ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും കാര്യമായ മഴയില്ലാത്തതിനാല്‍ അണക്കെട്ടിലേക്കുള്ള ജലത്തിന്റെ ഒഴുക്കും കുറവാണെന്നും മന്ത്രി അറിയിച്ചു. നദികളില്‍ നിന്ന് മണ്ണും ചളിയും എക്കലും നീക്കിയത് വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കുന്നതിന് സഹായകമായി. മൂന്നു കോടി ക്യൂബിക് മീറ്ററിലധികം എക്കലും ചളിയുമാണ് നീക്കം ചെയ്യാന്‍ ഉണ്ടായിരുന്നത്.

ഇതില്‍ ഒരു കോടി ക്യുബിക് മീറ്ററാണ് നീക്കിയത്. ഇനിയുള്ള എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ ഇതു തുടരാനാണ് തീരുമാനം. അതുവഴി വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ഗണ്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്നുംമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here