തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാൽ ചാലക്കുടിപ്പുഴയിൽ വൈകുന്നേരത്തോടെ കൂടുതൽ വെള്ളം എത്തിച്ചേരുമെന്നും അതിനാൽ പ്രദേശവാസികൾ ജാത്രതപാലിക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിപ്പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്നും തീരത്തുള്ളവർ അടിയന്തരമായി മാറിത്താമസിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജനും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
തൃശൂരിൽ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട് . ചാലക്കുടിപ്പുഴയുടെ കരയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുഴയിൽ ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്.2018, 2019 പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. ചാലക്കുടിയിൽ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വെള്ളം വൻതോതിൽ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിനൊപ്പം ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ കൂടുതൽ ഷട്ടറുകള്‍ ഉയർത്താൻ സാദ്ധ്യതയുള്ളതിനാൽ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്നും പുഴയുടെ സമീപപ്രദേശത്ത് താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലും അതിശക്തമായ മഴയാണ്. ഇവിടത്തെ നദികളും തോടുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതും ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ ഉള്ളവർ എന്നിവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടുകളിലെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം.റാന്നിയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് കടുത്ത നിയന്ത്രണം എർപ്പെടുത്തി . ഭക്തരെ താഴേക്ക് ഇറക്കുകയാണ്. മൂന്നു മണിക്കു ശേഷം പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള യാത്ര തടയും. ആറു മണിക്കു മുമ്പ് മുഴുവൻ ഭക്തരും മലയിറങ്ങണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷച്ചുഴിയും മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. കാലവർഷക്കാറ്റും ശക്തപ്രാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.
ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കുക
എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.
ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
കേരളത്തിൽ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ വിളിക്കേണ്ടതാണ്.