രാജേഷ് തില്ലങ്കേരി

കേരളം ആശങ്കയിലാണ് ഈ മണിക്കൂറുകളിൽ. മഴ കനത്തതോടെ മലയോര മേഖലകളും പുഴയോര പ്രദേശങ്ങളിലും മലയിടിച്ചൽ ഭീതിയും വെള്ളപ്പൊക്കമുണ്ടാവുമോ എന്ന ആശങ്കയും നിറയുകയാണ്. ഇന്നലെ ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ നൂറുക്കണക്കിന് ആളുകളൈയാണ് ഒഴിപ്പിച്ചത്. ഡാമുകൾ നിറഞ്ഞു കവിയുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. ഇതോ പരിധിയിൽ കൂടുതൽ വെള്ളം ഡാമിൽ ഒഴുകിയ  എത്തിയ സാഹചര്യത്തിൽ അധികൃതർ ഡാം തുറക്കാനുള്ള നിർദ്ദേശം നൽകിയിരിക്കയാണ്. തമിഴ് നാട് സർക്കാർ ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് കേരള സർക്കാരിന് കൈമാറിയിട്ടുണ്ട്. മുല്ലപ്പെരിയാർ തുറക്കുന്ന സാഹചര്യമുണ്ടായാൽ  ഇടുക്കി ഡാമും തുറക്കേണ്ടതായി വരും.
വിവിധ ഡാമുകൾ ഇന്നലെ തുറന്നതോടെയാണ് ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ള നിരവധി പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്.
 


2018 ലാണ് കേരളത്തെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കമുണ്ടായത്. 2019 ലും വെള്ളപ്പൊക്കമുണ്ടായതോടെ കേരളം അത്രയൊന്നും സുരക്ഷിതമെന്നു പറയാൻ പറ്റാത്ത സാഹചര്യത്തിലേക്ക് മാറി. ജൂണിൽ ഇത്തവണ മഴയുടെ തോത് വളരെ കുറവായിരുന്നു. സാധാരണ കാലവർഷം ജൂൺ മാസത്തോടെ ആരംഭിക്കുകയാണ് പതിവ്. എന്നാൽ 2018 മുതൽ കാലാവസ്ഥയിലുണ്ടായ പ്രകടമായ മാറ്റങ്ങൾ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനുമൊക്കെ കാരണമായിതീർന്നു.
മലയോര മേഖലയായ കൂട്ടുക്കലിലും, മുണ്ടക്കയത്തും കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കവും മലയിടിച്ചിലും കേരളം മറന്നിട്ടില്ല.
അതിന് മുൻപ് ഇടുക്കിയിലെ പെട്ടിമുടിയിലും നിലമ്പൂരിലും, വയനാട്ടിലും താരമശ്ശേരിയിലും മറ്റുമുണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
ഈ വർഷം കണ്ണൂരിലെ വിവിധ മലയോരങ്ങളിൽ നിന്നാണ് ആദ്യം പ്രകൃതി ദുരന്തവാർത്ത എത്തിയത്.
ഈ കാലവർഷം കൂടുതൽ അപകടങ്ങളൊന്നുമില്ലാതെ തരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കേരളീയർ. രണ്ടുവർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും, പിന്നീടുണ്ടായ ഉരുൾപൊട്ടലുകളും, ഒപ്പം കൊവിഡ് വ്യാപനവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒരു ചെറിയ തിരിച്ചടി നേരിടാനുള്ള കെൽപ്പുപോലുമില്ലാതെ ഭയന്നിരിക്കയാണ് കേരളീയർ.

എല്ലാവർഷവും ജൂലൈ, ആഗസ്റ്റ് മാസങ്ങൾ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന തരത്തിലേക്ക് കേരളം മാറുകയാണോ. ചക്രവാതചുഴിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ അതിതീവ്രമഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.
അടുത്ത ദിവസങ്ങൾ കേരളീയരെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here