കൊല്ലം: ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് സിനിമയില്‍ അഭിനയിക്കാമെങ്കില്‍ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്തുകൂടെയെന്ന് അദ്ദേഹം ചോദിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. തീരുമാനം എടുത്താല്‍ നടപ്പിലാക്കാത്തവരെ ആരെങ്കിലും ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

 

ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസില്‍ പ്രതിയാണ്. അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേ സര്‍വീസ് നടപടിയെടുത്തു. പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലിചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് നടപടിയാണ്? ആരാണ് അത് തീരുമാനിക്കുന്നത്? കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അല്ലാതെ മതസംഘടനകളല്ല ഒരാള്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത്.

 

ദിലീപിനെതിരേ കേസുണ്ട്. പക്ഷേ, ദിലീപ് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ സാധിക്കുമോ? ദിലീപിനെതിരായ കേസ് ശരിയായ നിലയില്‍ അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അതാണ് നിയതമായ മാര്‍ഗം. ഇവിടെ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു ജില്ലയിലും കളക്ടറാകാന്‍ പാടില്ല എന്നാണ് പറയുന്നത്. സിപിഐക്കാര്‍ പറയുകയാണ് അയാളെ ഭക്ഷ്യസിവില്‍ സര്‍വീസിലും ആക്കാന്‍ പാടില്ല. അതെന്ത് ന്യായം? ഞങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. അങ്ങനെയാണെങ്കില്‍ എന്ത് സംവിധാനമാണ് മുന്നോട്ട് പോകുക. ചില ആളുകള്‍ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ, അത് എങ്ങനെയാണ് ശരിയാകുന്നത്.

ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കേസ് തെളിയണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ സര്‍വീസില്‍ തിരിച്ചെടുത്തതിനു ശേഷം ഒരു പദവിയിലും ഇരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്. ആരാണ് ഈ ഞങ്ങള്‍? പിന്നെ എന്തിനാണ് മുഖ്യമന്ത്രി ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പറഞ്ഞത്. മതസംഘടനകളുടെ വെല്ലുവിളിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്.

 

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. വിപ്ലവകരമായ തീരുമാനമാണ്, നവോത്ഥാന നടപടിയാണ് എന്നുപറഞ്ഞാണ് തീരുമാനം കൊണ്ടുവന്നത്. എന്താണ് നവോത്ഥാന നായകന് ഇടയ്ക്കിടക്ക് കാലിടറുന്നത്? മതസംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അതിന് സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്. അതിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല പറയേണ്ടത്, നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ എന്നാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here