തിരുവനന്തപുരം : പരിമിതികളെ മറികടന്ന്, സ്വന്തം കഴിവുകളിൽ ശ്രദ്ധ നൽകിയാൽ ഉയരങ്ങൾ കീഴടക്കാമെന്ന സന്ദേശം കുട്ടികളിലെത്തിച്ച് ഗോപിനാഥ് മുതുകാട്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്’ പരിപാടിയുടെ ഭാഗമായാണ് ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിച്ചത്. മാജിക് അവതരിപ്പിച്ചുകൊണ്ട് കുട്ടികളുടെ ശ്രദ്ധ നേടിയാണ് വലിയ സന്ദേശങ്ങൾ കുട്ടികളിലേക്ക് പകർന്നത്. ജീവിത വിജയത്തിനായി പാലിക്കേണ്ട കാര്യങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചതോടെ കുട്ടികളും ഊർജ്ജസ്വലരായി.

ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ പരിചയപ്പെടുത്തി പരിമിതികൾ ഒന്നിനും തടസമല്ലെന്ന് അദ്ദേഹം  ബോധ്യപ്പെടുത്തി. ഭിന്നശേഷിയുള്ളവർക്കായി മുതുകാടിന്റെ നേതൃത്വത്തിലുള്ള ‘ഡിഫറന്റ് ആർട്സ്’ കേന്ദ്രത്തിലെ കുട്ടികളുടെ കഴിവുകളാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം സി വിജയകുമാർ അധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here