രാജേഷ് തില്ലങ്കേരി

കേരളത്തെ കുഴിക്കളം എന്നു വിളിക്കാമോ എന്നായിരിക്കും ഇന്നത്തെ ന്യൂസ് അവറിലെ ചർച്ചയെന്നൊന്നും അറിയാതെയാണ് തങ്കപ്പൻ ചേട്ടൻ വീട്ടിൽ നിന്നും ഇറങ്ങിയത്. കപ്പ വിറ്റവകയിൽ കുറച്ച് പണം കിട്ടാനുണ്ട് കുഴിക്കാട്ടുശ്ശേരിയിലെ കുമാരന്റെ കയ്യിൽ നിന്നും. അങ്ങിനെ വൈകിട്ട് പണം എങ്ങിനെയെങ്കിലും കൈപ്പറ്റുകയെന്നതുമാത്രമായിരുന്നു തങ്കപ്പൻ ചേട്ടന്റെ ലക്ഷ്യം. കൃത്യസമയത്ത് പണം വാങ്ങിച്ചെടുത്തില്ലെങ്കിൽ പിന്നെ കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ അവസ്ഥയാവുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു തങ്കപ്പൻ ചേട്ടന്.

കുഴിക്കാട്ടുശ്ശേരിയിലേക്കുള്ള ബസ് കാത്ത് റോഡിൽ നിൽക്കുകയായിരുന്നു തങ്കപ്പൻ ചേട്ടൻ. രാവിലെ ഇറങ്ങീതാണ്. കാലിൽ അൽപ്പം നീരുമുണ്ട്. അതിനാൽ ബസ് കാത്തുള്ള നിൽപ്പ്, റോഡിനടുത്ത കലുങ്കിലെ കൈവരിയിലായി. പെട്ടെന്നാണ് പൊലീസ് ജീപ്പ് അതുവഴി പാഞ്ഞുവന്നത്. മുന്നോട്ടു പോയ ജീപ്പ് പിന്നോട്ടു വരുന്നതു കണ്ടപ്പോഴും തങ്കപ്പൻ ചേട്ടന് പന്തികേടൊന്നും തോന്നിയില്ല. പൊലീസ് ജീപ്പിൽ നിന്നും ഒരു ഏമാൻ തല നീട്ടി ഒരു ചോദ്യം. എന്താടാ ഇവിടെ ഇരിക്കുന്നത്. തങ്കപ്പൻ ചേട്ടൻ എഴുന്നേറ്റു നിന്നു, ബഹുമാനത്തോടെ മുണ്ടിന്റെ മടക്കിക്കുത്തും അഴിച്ചു. ബഹയഭക്തിബഹുമാനത്തോടെ നിന്നു, എന്നിട്ട് ശബ്ദം കുറച്ചുകൊണ്ട് മൊഴിഞ്ഞു. സാർ… ബസ് കാത്തു നിൽക്കയാണ്…

പൊലീസ് ചോദിച്ചു, എങ്ങോട്ടുള്ള ബസ്…?
സാറേ കുഴിക്കാട്ടുശ്ശേരിക്കുള്ള ബസ്സാ… പൊലീസുകാർ പരസ്പരം നോക്കി, പിന്നീട് ചോദ്യവും ഉത്തരവുമില്ല….രണ്ടു സിവിൽ പൊലീസുകാർ പുറത്തേക്കിറങ്ങി, തങ്കപ്പൻ ചേട്ടനെ പൊക്കി പൊലീസ് ജീപ്പിലേക്ക് കയറ്റിയതും ഒരുമിച്ചായിരുന്നു. കുഴിക്കാട്ടുശ്ശേരിയെന്ന് ഒരു സ്ഥലത്തിന്റെ പേരാണെന്നുള്ളത് പൊലീസിന് അറിയില്ലല്ലോ. കുഴിയെന്ന് പറയാൻ പാടില്ല. അത് റോഡിലെ കുഴിയാണെന്നാണ് സർക്കാർ വീക്ഷണം. റോഡിലെ കുഴിയെകുറിച്ച് ഒന്നും പറയരുതെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവത്രേ,  അതോണ്ടണല്ലോ  രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമായ ‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ റിലീസ് ദിവസത്തെ പത്രപരസ്യത്തിനെതിരെ ഇത്രയും വലിയ സൈബർ അക്രമണമുണ്ടായതും. സർക്കാരിന്റെ കൊള്ളരുതായ്മയെയും ന്യായീകരിക്കുകയും , സർക്കാരിനെ വിമർശിക്കുന്നവരെ ആക്രമിച്ച് ഇല്ലാതാക്കുകയും ചെയ്യാനുള്ള ക്വട്ടേഷൻ എടുത്ത സൈബർ ഗുണ്ടകളാണ് ഈ അക്രമത്തിന് പിന്നിൽ.

ചോക്ലേറ്റ് നായക പരിവേഷമൊക്കെ അഴിച്ചുവച്ച്  നാടൻ ലുക്കിലാണ് ചാക്കോച്ചൻ ഈ സിനിമയിൽ അഭിനയിക്കാനെത്തിയിരിക്കുന്നത്. ഒരു മദ്യപനായി,  ഡാൻസൊക്കെ കളിച്ച്, അത് വലിയ സംഭവമാക്കി. സൈബറിടങ്ങളിൽ വലിയ ആഘോഷമാക്കിയാണ് ചാക്കോച്ചന്റെ ചിത്രം തീയേറ്ററിൽ എത്തിച്ചത്. നല്ല ഇനീഷ്യൽ കളക്ഷൻ വരുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമ വ്യത്യസ്തമായ പരസ്യ വാചകത്തോടെ എത്തിയത്. എന്നാൽ റിലീസിന് മുൻപുതന്നെ സർക്കാർ അനുകൂലികൾ പരസ്യവാചകത്തെച്ചൊല്ലി ആക്രമം അഴിച്ചുവിടുകയാണ്. അപ്രഖ്യാപിത വിലക്കാണെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. ഷാഫി പറമ്പിൽ എം എൽ എമാത്രമാണ് ഈ വിഷയത്തിൽ എന്തെങ്കിലും പ്രതികരിച്ചിരിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം , മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് വല്ലാതെ കണ്ണീർ വാർക്കാറുള്ള ബുദ്ധിജീവികളൊക്കെ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി നമ്മൾ അറിയേണ്ട്. ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പ്രദർശിപ്പിക്കാൻ പറ്റാതെ മലബാരിൽ നിന്നും പെട്ടിയുമായി ഓടിയതൊക്കെ വെറുതെ ഓർത്തുപോവുകയാണ്.
 
ഇതൊക്കെ നടക്കുന്നത് കേരളത്തിൽ തന്നെയോ എന്നായി കുഴിക്കാട്ടുശ്ശേരിയിലെ തങ്കപ്പൻ ചേട്ടന്റെ ആശങ്ക. കുഴി എന്നത് അത്രയും കുഴപ്പമുള്ള പദമാണോ എന്നാണ് കുഴിക്കാട്ടുശ്ശേരിക്കാരുടെ ചോദ്യം. റോഡിലെ കുഴിയടക്കാൻ ഉത്തരവിട്ടത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. നാട്ടിലെ കൊള്ളരുതായ്മയിൽ കോടതിയെങ്കിലും ഇടപടെനില്ലെങ്കിൽ എന്താണ് ചെയ്യുക. കേരളം കുഴി കളുടെ നാടായിമാറുന്നത് ജനങ്ങളുടെ കുറ്റമല്ലെന്ന് കോടതിയും പറഞ്ഞതല്ലേ. പാവം ആ കുഴിക്കാട്ടുശ്ശേരി തങ്കപ്പൻ ചേട്ടനെ അങ്ങു വിട്ടേക്കൂ… സാർ…

LEAVE A REPLY

Please enter your comment!
Please enter your name here