കൊച്ചി :    ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ്. ഹാൻടെക്സ് ഓണം റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാൻടെക്‌സ് മെൻസ് വേൾഡ് ഷോറൂമിൽ നിർവഹിക്കുകയായിരുന്നു മ്ന്ത്രി. കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനു ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആധുനികവത്കരിച്ചും കൈത്തറിയുടെ തനിമ നിലനിർത്തിയും വൈവിധ്യവത്കരിച്ചും മുന്നോട്ട് പോകാനാണു ലക്ഷ്യം. തിരുവനന്തപുരത്തെ ഹാൻടെക്‌സിന്റെ സ്വന്തം ഗാർമെന്റ് ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളിൽ വിൽക്കുന്നത്. കേമി ബ്രാൻഡിൽ ചുരിദാറുകളും വിപണിയിലിറക്കുന്നുണ്ട്. റെഡിമെയ്ഡ് ബ്രാൻഡഡ് തുണിത്തരങ്ങൾ ഗുണമേന്മയോടുകൂടി ഹാൻടെക്‌സ് വിപണിയിലേക്ക് എത്തിക്കുന്നു. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയുംവിധം കൈത്തറി മേഖലയെ പുന: ക്രമീകരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. എന്നും സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാകില്ല. സ്വന്തമായി വിപണി ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. ലാഭകരമായി പ്രവർത്തിക്കാൻ കഴിയണം. വിപണി ഉറപ്പുവരുത്താൻ കൈത്തറി മേഖലയിൽ സർക്കാർ ശക്തമായ നടപടികളാണു സ്വീകരിച്ചത്. സ്‌കൂൾ യൂണിഫോമുകൾ കൈത്തറിയാക്കിയതോടെ ഈ മേഖലയുടെ ഉത്പാദനത്തിന്റെ നല്ലൊരു പങ്കും യൂണിഫോമിലേക്കു മാറി. ഇനി ആവശ്യകതയ്ക്കനുസരിച്ചുള്ള സപ്ലൈ ഉറപ്പാക്കണം. കൂടുതൽ നെയ്ത്തുകാരെ കൊണ്ടുവരാനും കഴിയണം. യുവാക്കൾ കൂടുതലായി കൈത്തറി മേഖലയിലേക്കു കടന്നുവരുന്നുണ്ട്. ഇവർക്കായുള്ള പരിശീലന സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ചകളിൽ കൈത്തറിയോ ഖാദിയോ ധരിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ചു. ഷോറൂമുകളുടെ നവീകരണവും ജീവനക്കാർക്കുള്ള പരിശീലനവും നടപ്പാക്കി വരുന്നു. ഓരോ യൂണിറ്റുകൾക്കും ടാർഗെറ്റ് നിശ്ചയിച്ച് വിൽപ്പന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. വിൽപ്പന വർധനയ്ക്കനുസരിച്ച് ഇൻസന്റീവും ജീവനക്കാർക്കു നൽകുന്നുണ്ട്. ഖാദി, കൈത്തറി ഷോറൂമുകളോട് ചേർന്ന് ഡിസൈനർമാർക്കായി സേവനം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. തിരുവനന്തപുരത്ത് ഖാദിയിൽ ഇത് ആരംഭിച്ചു. ഈ രീതിയിൽ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്. രണ്ടു വർഷത്തെ കോവിഡിന്റെ ആധിക്യത്തിനു ശേഷം എത്തുന്ന ഈ ഓണത്തിന് കൈത്തറിക്ക് കൂടുതൽ വിപണി ഉറപ്പുവരുത്താൻ കഴിയണം. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി പ്രത്യേക പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ഓണത്തിനു കശുവണ്ടി, കൈത്തറി, കയർ, കരകൗശലം എന്നിവയുടെ കോമ്പോ പാക്കറ്റും അവതരിപ്പിക്കുന്നു. ഒരു മുണ്ട്, ഒരു കയറിന്റെ ചവിട്ടി, ഒരു പാക്കറ്റ് കശുവണ്ടി, കരകൗശല കോർപ്പറേഷൻ നൽകുന്ന ചന്ദനത്തിരി എന്നിവടയങ്ങിയ 3534 രൂപയുടെ പാക്കറ്റ് 2500 രൂപയ്ക്ക് ലഭിക്കും. നാല് മേഖലയ്ക്കും ഇതുവഴി  വിപണി ലഭ്യമാകും. ഹാൻടെക്‌സ് ഡയറക്ടറാണ് ഇതിന്റെ നോഡൽ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതൽ കോമ്പോ പാക്കറ്റുകൾ വിപണിയിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

റിട്ട. എസ്.ഐ കെ.കെ തിലകൻ മന്ത്രിയിൽ നിന്ന് ആദ്യവിൽപ്പന ഏറ്റുവാങ്ങി. ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം.അനിൽ കുമാർ, ഹാന്റ്ലൂം ഡയറക്ടറും ഹാൻടെക്‌സ് മാനേജിംഗ് ഡയറക്ടറുമായ കെ.എസ് അനിൽ കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, ഹാന്റക്‌സ് ഭരണ സമിതി അംഗം ടി.എസ് ബേബി പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here