തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ പതിവായിരിക്കെ പാതകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി സർക്കാർ. നിർമാണം പൂർത്തിയാക്കിയ റോഡുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് പൂർണ ഉത്തരാവാദിത്തം കരാറുകാർക്കാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.

നിർമാണം പൂർത്തിയായി 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇത്തരം കേസുകളിൽ അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് നടപടികൾ കർശനമാക്കുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് റോഡ് തകരുന്നതെങ്കിലും കരാറുകാരും എഞ്ചിനീയർമാരും അന്വേഷണം നേരിടേണ്ടി വരും.

മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. മന:പ്പൂർവ്വമായ വീഴ്ചകളാണ് റോഡ് തകരുന്നതിന് കാരണമെങ്കിൽ ഉദ്യോഗസ്ഥർക്കും എഞ്ചിനീയർമാർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നടപടികൾ ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here