രാജേഷ് തില്ലങ്കേരി

നാട്ടുകാരുടെ പ്രാർത്ഥനകളെല്ലാം വിഫലമായി, പത്തനംതിട്ടയിൽ പേപ്പട്ടിയുടെ കടിയേറ്റ അഭിരാമിയെന്ന പന്ത്രണ്ടുകാരിയും മരണത്തിന് കീഴടങ്ങി. ഗോഡ്‌സ് ഓൺ കൺട്രി ഡോഗ്‌സ് ഓൺ കൺട്രിയായി മാറിയതിന്റെ ദുരന്തമാണ് നാം അനുഭവിക്കുന്നത്. ഈ വർഷം പേപ്പട്ടി വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇതോടെ 21 ആയി. തെരുവുനായയുടെ കടിയേറ്റ അഭിരാമി മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും ആ ബാലികയെ രക്ഷിച്ചെടുക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ലെന്നത് ഏറെ ദുഖകരമാണ്.

കേരളത്തിലെ തെരുവ് നായശല്യം നിയന്ത്രിക്കാൻ സർക്കാർ എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഗുണനിലവാരമില്ലാത്ത വാക്‌സിൻ വാങ്ങിയതും, വാക്‌സിനേഷനിൽ ഉണ്ടായ പാകപ്പിഴയും എന്തു കൊണ്ടാണ് ആരോഗ്യ വകുപ്പ് പരിശോധിക്കാത്തതെന്നും സർക്കാർ വ്യക്തമാക്കണം. പേപ്പട്ടിയുടെ കടിയേറ്റ് മനുഷ്യർ പേ പിടിച്ച് മരിക്കുന്നത് ഏറെ ഗുരുതരമായ സംഭവമാണ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ആരോഗ്യവകുപ്പിന് കഴിയില്ല. അത്രയേറെ ഗുരുതരമായ വീഴ്ചയാണ് സർക്കാരിനുണ്ടായിരിക്കുന്നത്.

പാലക്കാട്ട് ഒരു കോളജ് വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചതോടെ ജനം ഭീതിയിലായിരുന്നു. കൃത്യസമയത്ത് വാക്‌സിനേഷൻ നടത്തിയിട്ടും ആ വിദ്യാർത്ഥിനിക്ക് പേ വിഷബാധയേറ്റതിനെ കുറിച്ച് അന്വേഷണം നത്തിയിരുന്നുവെങ്കിൽ സ്ഥിതി ഇത്രയും ഗുരുതരമാവില്ലായിരുന്നു. എന്നാൽ വാക്‌സിന് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിശദീകരണമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചത്.

മുഖ്യമന്ത്രി നിയമസഭയിൽ പേവിഷ വാക്‌സിൻറെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. വൈകിയാണെങ്കിലും സർക്കാർ പേ വിഷബാധയെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിച്ചിരിക്കയാണ്. 21 പേരുടെ ജീവനെടുത്ത പേ വിഷബാധ ആരോഗ്യവകുപ്പിന്റെ അലംഭാവമാണെന്ന് പറയാതെ വയ്യ. നായയുടെ കടിയേറ്റ് ആളുകൾ മരിക്കുമ്പോൾ ഗൗരവത്തോടെയല്ല സർക്കാർ ഇടപെടുന്നത് എന്നത് അത്ഭുതമാണ് ഉണ്ടാക്കുന്നത്.

കേരളത്തിലെ ഗ്രാമവും പട്ടണങ്ങളുമെല്ലാം തെരുവുനായകൾ കീഴടക്കിയിരിക്കയാണ്. വൻനഗരങ്ങളിലെ സ്ഥിതിയും മറിച്ചല്ല. ഗുരുതരമായ വിഷയമാണ് കേരളത്തിലെ പേപ്പട്ടി വിഷബാധയും മരണവും. എന്നിട്ടും  എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഇടപെടാത്തതെന്ന് വ്യക്തമല്ല. പത്തനംതിട്ടയിൽ തെരുനായയുടെ കടിയേറ്റ് മൂന്ന് വാക്‌സിനും എടുത്ത 12 കാരികൂടി പേ വിഷബാധയേറ്റ് മരിച്ചതോടെ വാക്‌സിൻ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമാവുകയാണ്. വാക്‌സിന്  ജനിതകമാറ്റം സംഭവിച്ചുവോ എന്ന് സംശയിക്കുന്നു എന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണമായി വരുന്നത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തുണ്ടായ ഗുരതരമായ കൃത്യവിലോപമാണ് പേ വിഷബാധയേറ്റുള്ള മരണങ്ങൾ ഓരോ ആഴ്ചയിലും സംഭവിച്ചുകൊണ്ടേയിരിക്കുന്നത്.

പേ വിഷബാധയേറ്റാൽ പിന്നെ ചികിൽസയില്ലെന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. തെരുവുനായകളെ വദ്ധ്യംകരിച്ച് ഘട്ടം ഘട്ടമായി നായശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതെല്ലാം പാളിപ്പോയ പദ്ധതിയായിരുന്നു. ഭക്ഷ്യമാലിന്യങ്ങൾ പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നതാണ് തെരുവുനായ പെരുകാനുള്ള കാരണമായി അധികൃതർ പറയുന്ന ഒരു കാരണം. പട്ടികളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റുന്ന പദ്ധതി കൊച്ചിയിലടക്കം തുടങ്ങിയിരുന്നുവെങ്കിലും അതെല്ലാം പിന്നീട് അവസാനിച്ചു. സർക്കാർ അടിയന്തിരമായി ഇടപെടേണ്ട ഘട്ടം അതിക്രമിച്ചിരിക്കയാണ്. ജനങ്ങൾക്ക് ഭയംകൂടാതെ യാത്ര ചെയ്യാനുള്ള മാർഗം ഉണ്ടാവണം.

വാൽക്കഷണം : കേരളത്തിലെ ആരോഗ്യരംഗം മികച്ചതാണെന്നാണ് ഭരണക്കാരുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here