തിരുവനന്തപുരം: വളർത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി. തലസ്ഥാന ജില്ലയിലെ വ‌ഞ്ചിയൂരിലാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. നായ്ക്കൾക്ക് ഒരാൾ ഭക്ഷണംകൊടുക്കുന്നിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി പതിനൊന്നുമണിയോടെ കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി വച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സംഭവം കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടും ഒരുതരത്തിലുള്ള ഇടപെടലുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.സംസ്ഥാനത്തെ മറ്റുജില്ലകളിലും കഴിഞ്ഞദിവസങ്ങളിൽ സമാനമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. കോട്ടയത്ത് പന്ത്രണ്ടോളം തെരുവ് നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം കാരിക്കോട് 12 നായ്ക്കളെയാണ് കൂട്ടത്തോടെ ചത്തനിലയിൽ റോഡിൽ കണ്ടത്. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കൊന്ന് കെട്ടിത്തൂക്കിയ നിലയിലായിരുന്നു ഒരു നായ. രണ്ടിടത്തും തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. തെരുവ് നായ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് നായ്ക്കളെ രഹസ്യമായി വിഷം കൊടുത്ത് കൊല്ലുന്നത് വ്യാപകമായത്. നായ്ക്കളുടെ ശവശരീരം പരിശോധിച്ചതിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയിട്ടുണ്ട് . നായ്ക്കളെ കൊന്നതാരെന്ന് അറിയില്ലെങ്കിലും മൃഗങ്ങളോട് ക്രൂരത കാട്ടിയാൽ ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമം 429 ാം വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here