രാജേഷ് തില്ലങ്കേരി

സി പി എമ്മിന്റെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂർ. കണ്ണൂർ നേതാക്കൾ പാർട്ടിയിലെ ഏറ്റവും കരുത്തരും പ്രായോഗിക വാദികളുമാണ്. ഇ  കെ നായനാരും, പിണറായി വിജയനുമൊക്കെ പാർട്ടി സെക്രട്ടറിയായ അതേ വഴിയിലൂടെയാണ് കോടിയേരിയും പാർട്ടിയിൽ വളർന്നതും സംസ്ഥാന സെക്രട്ടറി പദവിയിലും പോളിറ്റ് ബ്യൂറോയിലും എത്തിയത്. എന്നാൽ പാർട്ടിയിലെ പതിവ് രീതിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ കോടിയേരിക്ക് കഴിഞ്ഞില്ല. പിണറായിയുടെ പിൻഗമായിയെന്ന നിലയിൽ ഒരു പക്ഷേ, അടുത്ത  ഊഴത്തിൽ കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ മുഖ്യമന്ത്രി കസേരയിലും എത്തിയേനേ. പക്ഷേ, വിധി മറ്റൊന്നായിരുന്നു.

സി പി എമ്മിലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് ഇന്ന് വിടവാങ്ങിയ കോടിയേരി ബാലകൃഷ്ണൻ. സി പി എം നേരിട്ട നിരവധി സംഘടനാപരമായ പാർട്ടി താത്വികമായ പ്രതിസന്ധികളെ അതിജീവിച്ചതിൽ ഈ നേതാവിന്റെ പ്രായോഗിക രാഷ്ട്രീയനിലപാടുകൾ എന്നും ഗുണം ചെയ്തിരുന്നു. പുഞ്ചിരിക്കുന്ന മുഖം  സി.പി. എം. നേതൃനിരകളിൽ വളരെ വിരളമായേ എക്കാലവും കാണാറുള്ളരുത്. എന്നാൽ പതിവിനു വിരുദ്ധമായി പിഞ്ചിരിക്കു പിശുക്കു കാട്ടുന്ന നേതൃത്വമെന്ന ദുഷ്‌പേരിനു മറുപടിയായി എക്കാലവും നിറ പുഞ്ചിരിയോടെയുള്ള സഖാവ് കോടിയേരിയുടെ സൗധര്യ മുഖ സാന്നിധ്യമായിരുന്നു പാർട്ടിയെ വത്യസ്ഥമാക്കിയത്. വ്യക്തിപരമായും പാർട്ടിപരമായും നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം നിറപുഞ്ചിരിയോടെ തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന വിട്ടു വീഴ്ചകൾക്ക് പിശുക്കുകാട്ടാത്ത അദ്ദേഹം നേരിട്ടത്‌. 

പിണറായി- കോടിയേരി കൂട്ടുകെട്ടിൽ പിണറായി വിട്ടുവീഴ്ചകൾക്കൊന്നും തയ്യാറാവാതാത്ത നിലപാടുകാരനായിരുന്നു. എന്നാൽ കോടിയേരി ബാലകൃഷ്ണനാവട്ടെ ചില നീക്കുപോക്കുകൾ നല്ലതാണെന്ന നിലപാടുകാരനായിരു്ന്നു. പാർട്ടിയിൽ വി എസ് – പിണറായി ഗ്രൂപ്പുകൾ ശക്തമാവുകയും വി എസ് ജനനായകനായി മാറുകയും ചെയ്ത സന്ദർഭത്തിൽ പാർട്ടിയിൽ പിണറായി പക്ഷത്തിന് തിരിച്ചടികൾ കിട്ടിയേക്കുമെന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടപ്പോൾ പിണറായി പക്ഷത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിയോട് മാനസികമായ വിധേയത്വം പുലർത്തുമ്പോഴും വി എസ് അച്യുതാനന്ദനോട് അകൽച്ച കാണിക്കാതെ നിലയുറപ്പിച്ചു. വി എസ് മുഖ്യമന്ത്രിയിയിരുന്നപ്പോൾ അഭ്യന്തര  മന്ത്രിയെന്ന നിലയിൽ കോടിയേരി ഏറെക്കുറേ പാർട്ടിയുമായും വി എസുമായുമുള്ള പാലമായാണ് നിലകൊണ്ടിരുന്നത്.

സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗമായിരിക്കെയാണ് കോടിയേരിയുടെ വിടവാങ്ങൽ. കോടിയേരി ബാലകൃഷ്ണൻ 1953 നവംബർ 16 ന് കണ്ണൂർ ജില്ലയിലെ  കല്ലറ തലായി എൽ പി സ്‌കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായാണ് ജനനം. വിദ്യാഭ്യാസ കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളോടായിരുന്നു കോടിയേരിക്ക് ഏറെയും താല്പര്യം. പ്രീഡിഗ്രികാലത്തു. തന്നെ അദ്ദേഹം വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായി. പടിപടിയായുള്ള വളർച്ചയാണ് പിന്നീട് കോടിയേരി നേടിയെടുത്തത്. കണ്ണൂർ ജില്ലയിൽ പിണറായി വിജയന്റെ പിൻഗാമിയായി പോളിറ്റ് ബ്യുറോ അംഗം വരെ  എത്തിയ നേതാവായിരുന്നു കോടിയേരി. എന്നാൽ മുഖ്യമന്ത്രികസേരയിലേക്കുള്ള വളർച്ചയ്ക്കിടയിലാണ് കോടിയേരിയെ മരണം തട്ടിയെടുത്തത്.

 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 1982 ലാണ് കോടിയേരി ആദ്യമായി തലശ്ശേരിയിൽ നിന്നും എം എൽ എയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011 മുതൽ 2016 വരെ തലശ്ശേരി എം എൽ എയായിരുന്നു. പാർലമെന്ററി രംഗത്തും, സംഘടനാ രംഗത്തും ഒരുപോലെ പ്രാഗൽഭ്യം തെളിയിച്ച നേതാവായിരുന്നു കോടിയേരി.


 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ ചില വിവാദങ്ങളും കാരണം കോടിയേരി പത്തുമാസത്തോളം സെക്രട്ടറി പദത്തിൽ നിന്നും മാറിനിന്നെങ്കിലും വീണ്ടും സെക്രട്ടറി പദവിയേറ്റെടുത്തു. അക്കാലത്ത് പാർട്ടി ആക്റ്റിംഗ് സെക്രെട്ടറിയായി എ. വിജയരാഘവൻ പാർട്ടിയെ നയിച്ചു. 2022 ആഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കാലമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

രണ്ടുവർഷങ്ങൾക്ക് മുൻപാണ് കോടിയേരി ബാലകൃഷ്ണൻ അർബുദബാധിതനാവുന്നതും വിദഗ്ധ ചികിൽസയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതും. മയോ ക്ലിനിക്കിലെ ചികിത്സയെ തുടർന്ന് ആരോഗ്യം വീണ്ടെടുത്ത കോടിയേരി വീണ്ടും സജീവ രാഷ്ട്രീയത്തിൽ തിരികെയെത്തിയെങ്കിലും രണ്ടാം വട്ടവും രോഗ ബാധിതനായി. വീണ്ടും മയോക്ലിനിക്കിൽ ചികിൽസ തേടിയെങ്കിലും ആരോഗ്യനില വീണ്ടെടുക്കാൻ കഴിയാതെ വരികയായിരുന്നു.

ബി.എ. ബിരുദധാരിയാണ് കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയിലെ ജൂനിയർ ബേസിക് സ്‌കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ കെ.എസ്.എഫിന്റെ ( എസ്.എഫ്.ഐ.യുടെ മുൻഗാമി) യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും 1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയിൽ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായി. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. പിന്നീട് എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1971ൽ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി. 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ തടവുകാരനായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 


1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ (എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഐ (എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. 1995 ൽ കൊല്ലത്തു നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 


2002 ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. 2008 ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം സിപിഐ (എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത് . 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018 ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. ഈ വർഷം മാർച്ചിൽ എറണാകുളത്തു വച്ചു നടന്ന സി പി എം സംസ്ഥാന സമ്മേളത്തിൽ വച്ച് കോടിയേരിയെ എതിരില്ലാതെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തുവെങ്കിലും രോഗബാധയെത്തുടർന്ന് ആരോഗ്യ നിലമോശമാവുകയും സജീവ രാഷ്ട്രീയത്തിൽ നിന്നും മാറുകയുമായിരുന്നു.


രാഷ്ട്രീയപരമായും വ്യക്തിപരമായും ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ കോടിയേരി എപ്പോഴും പാർട്ടിക്കൊപ്പം തന്നെ ചരിക്കുകയായിരുന്നു. കാൻസർ രോഗത്തിന്റെ പിടിയിൽ അകപ്പെടുന്നതിനു മുൻപ് തന്നെ. സ്വന്തം മക്കൾ ഉണ്ടാക്കിയ ഗുരുതരമായ പല പ്രശ്നങ്ങൾ  അവസാന കാലങ്ങളിൽ  അദ്ദേഹത്തെ തെല്ലെയൊന്നുമല്ല അസ്വസ്ഥനാക്കിയത്. മക്കളെ സംരക്ഷിക്കാൻ പല വിട്ടുവീഴ്ചകൾക്കും വിലപേശലുകൾക്കും തയാറാകേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിടേണ്ടടി വന്ന ഏറ്റവും വലിയ നിസ്സഹായാവസ്ഥ. കോടിയേരിയുടെ വേർപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നഷ്ട്ടപ്പെട്ടത് അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിൽ ഏറ്റവും സീനിയർ ആയ നേതാവിനെയാണ്.

സി.പി.എമ്മിനു കേരളത്തിൽ ഒരു പുതിയ മുഖം തന്നെ രൂപം നൽകിയത് പിണറായി- കോടിയേരി കൂട്ടുകെട്ടാണ്. മുഖ്യമന്തി എന്ന നിലയിൽ പിണറായിയ്ക്ക് നേരിടേണ്ടി വന്ന എല്ലാ  പ്രതിസന്ധികളെയും മാധ്യമങ്ങൾക്കു മുൻപിൽ നിറഞ്ഞ പുഞ്ചിരിയോടെ നിഷ്പ്രയാസം നേരിട്ട കോടിയേരി ഇനി  ബാലകൃഷ്ണൻ ഇനി പിണറായിക്കു വേണ്ടി സഹായിക്കാൻ ഉണ്ടാകില്ല. തനിക്കു പകരം വയ്ക്കാൻ മറ്റൊരാളുമില്ലാതെയാണ് കോടിയേരി ബാലകൃഷ്‌ണൻ എന്ന പുഞ്ചിരിക്കുന്ന മുഖവും സിംഹത്തിന്റെ കരുത്തുമുള്ള, തലശേരിയുടെ അമരത്തു നിന്ന് സി.പി.എമ്മിന്റെ സംസ്ഥാന തലത്തിൽ അമരക്കാരനായും ദേശീയ തലത്തിൽ ശക്തനായ പോളിറ്റ് ബ്യുറോ അംഗമെന്ന നിലയിലും അരങ്ങു വാണിരുന്ന ആ നേതാവ് അരങ്ങൊഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here