മുംബയ്: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് വൻതോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത മലയാളി അറസ്റ്റിൽ. മുംബയ് വാശിയിലെ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ് മാനേജിംഗ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. സെപ്തംബർ 30നാണ് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി എത്തിയ ട്രക്ക് പിടികൂടിയത്.

 

198 കിലോ മെത്തും ഒമ്പത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഓറഞ്ചിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് ഇതെന്ന് ഡിആ‌ർഐ വ്യക്തമാക്കി.

വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരി മരുന്നുകൾ എത്തിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നായിരുന്നു രേഖകളിൽ കാണിച്ചിരുന്നത്. വിജിന്റെ കൂട്ടാളി മൻസൂർ തച്ചാംപറമ്പിനായി ഡിആർഐ തെരച്ചിൽ നടത്തുകയാണ്. മോർ ഫ്രഷ് എക്സ്പോർട്ടിന്റെ ഉടമയാണ് മൻസൂർ തച്ചാംപറമ്പ്. ലഹരിക്കടത്തിൽ 70ശതമാനം ലാഭം വിജിനും 30ശതമാനം മൻസൂറിനുമെന്ന തരത്തിലാണ് ഡീൽ എന്ന് ഡിആർഐ വ്യക്തമാക്കി. നേരത്തേ മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന പരിശോധന നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here