തിരുവനന്തപുരം : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. നവംബർ ഒന്ന്  കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്.  

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലം വരെയും സ്‌കൂൾ തലം വരെയും ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാളെ കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും നടക്കും. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും സംഘടിപ്പിക്കും.

ഒക്ടോബർ ഇന്നും നാളെയുമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 12 വരെ ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിപാടികളിൽ പ്രദർശിപ്പിക്കും.

ഒക്ടോബർ 9ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉൾപ്പെടുത്തും. ഒക്ടോബർ 2മുതൽ 14 വരെയാണ് പരിപാടി. പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രൊമോട്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകമായി നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here