തിരുവനന്തപുരം: ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി കെ. രാജന്‍. ഡിജിറ്റൽ റീസർവേയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈൻ യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.

നാല് വര്‍ഷം കൊണ്ട് 1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സര്‍വേ നടത്തുക. ഒക്ടോബര്‍ 12 നും 30 നും ഇടയില്‍ സര്‍വേ സഭകള്‍ രൂപീകരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂര്‍ വില്ലേജിലെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും പരാതി രഹിതവുമായ ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 22 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂര്‍, വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, പള്ളിപ്പുറം, അണ്ടൂര്‍കോണം, കല്ലിയുര്‍, കീഴ്‌തോന്നയ്ക്കല്‍, വെമ്പായം, തേക്കട, മാണിക്കല്‍, കരകുളം, മലയിന്‍കീഴ്, തൊളിക്കോട്, ഇടയ്‌ക്കോട്, മുദാക്കല്‍, കീഴാറ്റിങ്ങല്‍, ഒറ്റുര്‍, ചെറുന്നിയുര്‍, വിളപ്പില്‍, കാഞ്ഞിരംകുളം, പരശുവയ്ക്കല്‍, നെയ്യാറ്റിന്‍കര എന്നീ വില്ലേജുകളിലെ വിവിധ വാര്‍ഡുകളിലാണ് സര്‍വേ നടത്തുക.

എല്ലാ വാര്‍ഡിലും സര്‍വേ സഭയില്‍ ഭൂവുടമകളെ ബോധവത്കരിക്കാന്‍ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡിജിറ്റല്‍ റീ സര്‍വേക്കായി 1500 സര്‍വേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെല്പര്‍മാരെയും നിയമിക്കും. ഡിജിറ്റല്‍ റീ സര്‍വെക്കായി 807.38 കോടി രൂപ റീബില്‍ഡ് കേരളയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ റീ സര്‍വേയുടെ ഗുണം ഭൂവുടമകള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ലഭിക്കുമെന്ന് എം.ബി രാജേഷ് പറഞ്ഞു. യോഗത്തില്‍ ആദ്യഘട്ടം സര്‍വേ നടക്കുന്ന വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദേശ സ്ഥാപനങ്ങളിലെ വിവിധ പ്രതിനിധികള്‍, സര്‍വേ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, കലക്ടര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here