തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അടുത്ത വർഷവും തീരില്ലെന്ന ആശങ്കയുമായി അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും ചേർന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങുന്നത് ഇനിയും നീളുമെന്ന് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിർമ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകൾ അദാനി ഗ്രൂപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ എത്തിക്കാൻ സാധിക്കുന്നില്ലെന്നും വിഴിഞ്ഞത്തേക്കുള്ള ബാർജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കൾ പറയുന്നു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ 2023 മെയ് മാസത്തിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിർത്തി നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. ഈ സമരം ഇന്ന് 53-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നൂറ് കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.

സാധാരണ ഗതിയിൽ മൺസൂൺ കാലത്ത് വിഴിഞ്ഞത്ത് നിർമ്മാണം നടത്താറില്ല. അതിനാൽ കടൽത്തട്ട് പണിക്ക് കൊണ്ടു വരുന്ന ബാർജുകളും ടഗ്ഗുകളും മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടു പോകാറുണ്ട്. എന്നാൽ ഇക്കുറി നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടി സർക്കാർ ഇടപെട്ട് ഈ ടഗ്ഗുകളും ബാർജ്ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി തുടരുകയായിരുന്നു. ഇങ്ങനെ നിലനിർത്തിയത് വഴി മാത്രം  57 കോടി നഷ്ടം വന്നെന്ന് അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കണക്കിൽ പറയുന്നു. പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപയും നൽകേണ്ടി വന്നുവെന്ന് കണക്കുകളിലുണ്ട്.

സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവർ സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതായിട്ടുണ്ട്. ഇതേപോലെ അദാനി ഗ്രൂപ്പിന് നിർമ്മാണം നടത്താൻ വേണ്ട സാഹചര്യം ഒരുക്കി നൽകിയില്ലെങ്കിൽ സർക്കാർ തിരിച്ചും നഷ്ടപരിഹാരം നൽകണം എന്നാണ് കരാർ വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here